വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലം, ദുബൈയിലെ പ്രധാന ആകർഷണം 10 വർഷത്തിന് ശേഷം അടച്ചു, ഇനി പുതിയ ഇടം
ദുബൈ: യുഎഇയിലെ ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ദുബൈ ഗാര്‍ഡന്‍ ഗ്ലോ 10 വര്‍ഷത്തിന് ശേഷം അടച്ചു. എക്സ് അക്കൗണ്ട് വഴിയാണ് ദുബൈ ഗാര്‍ഡൻ ഗ്ലോ അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുടുംബങ്ങളുടെ ഇഷ്ട വിനോദ സ്ഥലം കൂടിയാണ് ഇവിടം.
ദുബൈ ഗാര്‍ഡന്‍ ഗ്ലോ ഇനി പുതിയ ആകര്‍ഷകമായ ആശയങ്ങളുമായി പുതിയ ലൊക്കേഷനില്‍ വീണ്ടും തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2015ല്‍ സബീല്‍ പാര്‍ക്കിലാണ് ദുബൈ ഗാര്‍ഡന്‍ ഗ്ലോ തുറന്നത്. വര്‍ണശബളമായ നിര്‍മ്മിതികളും ഇന്‍സ്റ്റലേഷനുകളും സന്ദര്‍ശകര്‍ക്ക് ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. സബീല്‍ പാര്‍ക്കിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ദുബൈ ഗാര്‍ഡന്‍ ഗ്ലോ മറ്റൊരു ലൊക്കേഷനിലേക്ക് മാറ്റുന്നത്. ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി, എമിറേറ്റില്‍ മിഡില്‍ ഈസ്റ്റിലെ ആദ്യ വെല്‍ബീയിങ് റിസോര്‍ട്ടും ഇന്‍ററാക്ടീവ് പാര്‍കും ഉൾപ്പെടുന്ന ‘തെര്‍ം ദുബൈ’ പദ്ധതിക്കായി ഒരുങ്ങുകയാണ്.
Read Also – വെന്തുരുകും, ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകരിച്ച, തെര്‍ം ദുബൈ, സുസ്ഥിരത, ആരോഗ്യം, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. 2 ബില്യൺ ദിര്‍ഹം ചെലവ് കണക്കാക്കുന്ന റിസോര്‍ട്ടിന്‍റെ നിര്‍മ്മാണം 2028ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.