ജര്‍മ്മനിയിലെ നഴ്സിങ് ഒഴിവുകള്‍, നോര്‍ക്ക ട്രിപ്പിള്‍ വിൻ അപേക്ഷകര്‍ക്കായുളള ഇന്‍ഫോ സെഷന് ഏപ്രില്‍ 28ന്
തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് ഇതിനോടകം അപേക്ഷ നല്‍കിയവര്‍ക്കായുളള ഓണ്‍ലൈന്‍ ഇന്‍ഫോ സെഷന് ഏപ്രില്‍ 28ന് നടക്കും. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിൻ. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് ഇന്‍ഫോ സെഷന് നടക്കുക. ഇന്‍ഫോ സെഷനില്‍ പങ്കെടുക്കുന്നതിന്നതിനുളള ലിങ്ക് ഉള്‍പ്പെടുന്ന ഇ-മെയില്‍ അപേക്ഷ നല്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയച്ചിട്ടുണ്ട്.
ജര്‍മ്മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി 2 ഭാഷാ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഇന്‍ഫോ സെഷന് 2025 മെയ് ആദ്യവാരം നടത്തുന്നതാണ്. ഇതിനായുളള ഇ-മെയില്‍ അറിയിപ്പ് ഫാസ്റ്റ് ട്രാക്ക് മുഖേന അപേക്ഷ നല്‍കേണ്ട അവസാന തീയതിയായ മെയ് രണ്ടിനു ശേഷം അയയ്ക്കുന്നതാണ്. അപേക്ഷ നല്കിയ എല്ലാ ഉദ്യോഗാര്‍ത്ഥികളും നിര്‍ബന്ധമായും ഇന്‍ഫോ സെഷനുകളില്‍ പങ്കെടുക്കേണ്ടതും തുടര്‍ നടപടികള്‍ക്കായുളള കണ്ഫര്മേഷന് ഇ-മെയിലില്‍ നല്കിയിട്ടുളള ലിങ്ക് വഴി നല്‍കേണ്ടതുമാണ്. ഇന്‍ഫോ സെഷനില്‍ പങ്കെടുത്ത് കണ്ഫര്മേഷന് നല്കുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി പരിഗണിക്കുകയുളളൂ.
നോര്‍ക്ക ട്രിപ്പിള്‍ വിൻ ഏഴാം ഘട്ടത്തില്‍ ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലെ 250 നഴ്സിങ് ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഇതിനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 14 വരെയായിരുന്നു. ഫാസ്റ്റ് ട്രാക്ക് മുഖേന മെയ് രണ്ട് വരെ അപേക്ഷ നല്കാന് അവസരമുണ്ട്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 29 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്.
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന് കേരള. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ 0471 2770577, 536,540, 544 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
read more: 9970 ഒഴിവുകൾ, റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, മെയ് 11 വരെ അപേക്ഷിക്കാം