ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം 7 രോഗികൾ മരിച്ച സംഭവം; കാത്ത് ലാബ് പൂട്ടി സീൽ ചെയ്ത് ദാമോ ജില്ലാ ഭരണകൂടം

ഭോപ്പാൽ: ദാമോയിലെ മിഷൻ ആശുപത്രിയിലെ കാത്ത് ലാബ് സീൽ ചെയ്ത് ആരോഗ്യ ഉദ്യോഗസ്ഥർ. ഏഴ് പേരുടെ മരണത്തിന് കാരണക്കാരനായ ‘വ്യാജ’ ഡോക്ടർ രോഗികളെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് ഇവിടെ വച്ചായിരുന്നു. 

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം, കാത്ത് ലാബ് മാത്രമാണ് സീൽ ചെയ്തത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ ഉള്ളതിനാലാണ് ഇവിടം സീൽ ചെയ്തതെന്ന് ജില്ലാ ആരോഗ്യ ഓഫീസർ വിക്രാന്ത് സിംഗ് ചൗഹാൻ പറഞ്ഞു. മരിച്ച നിരവധി രോഗികളുടെ ആൻജിയോഗ്രാഫിയും ആൻജിയോപ്ലാസ്റ്റിയും ഈ കാത്ത് ലാബിലാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബ്രിട്ടീഷ് ഡോക്ടറായി വേഷമിട്ടാണ് പ്രതിയായ നരേന്ദ്ര വിക്രമാദിത്യ യാദവ് എത്തിയത്. നിലവിൽ ഇയാളെ  മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ രേഖകൾ നിർമ്മിച്ചതിനും യാദവിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും, മന്ത്രി പ്രഹ്ലാദ് പട്ടേലും ഉറപ്പു നൽകിയിട്ടുണ്ട്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാജ ഡോക്ടർ 15 പേർക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതിൽ ഏഴ് പേർ മരിച്ചുവെന്നുമാണ് റിപ്പോർട്ട്. ദാമോ സ്വദേശിയായ ദീപക് തിവാരി എന്നയാൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ലണ്ടനിൽ നിന്നുള്ള കാർഡിയോളജിസ്റ്റായ ഡോ. എൻ. ജോൺ കെം എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആശുപത്രിയിൽ ചാർജെടുത്തത്. പരാതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് വെളിപ്പെട്ടു. 

ആശുപത്രി മരണങ്ങൾ ലോക്കൽ പോലീസിനെയോ ആശുപത്രി ഔട്ട്‌പോസ്റ്റിനെയോ അറിയിച്ചില്ലെന്നും പരാതിക്കാരനായ തിവാരി ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കനത്ത ഫീസ് ഈടാക്കിയെന്നും പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹങ്ങൾ കൈമാറിയെന്നും പരാതിയിൽ ഉന്നയിച്ചു. 

വിദേശ മെഡിക്കൽ ബിരുദങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ട് ലണ്ടനിലെ സെന്റ് ജോർജ്ജ് സർവകലാശാലയിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ പ്രൊഫസർ (എമെറിറ്റസ്) ജോൺ കെമിന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്താണ് നരേന്ദ്ര വിക്രമാദിത്യ യാദവ് ആശുപത്രിയിൽ ജോയിൻ ചെയ്തത്. പിന്നീട് ഇയാൾ ആശുപത്രിയിലെ പ്രധാന കാർഡിയോളജിസ്റ്റായി മാറുകയായിരുന്നു. 

‘ജീവിതത്തിലിന്ന് വരെ ഞാൻ മദ്യപിച്ചിട്ടില്ല’; കെഎസ്ആർടിസിയിലെ ബ്രെത്ത് അനലൈസർ പരിശോധനയിൽ വിവാദം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin