ബാലയ്യ ചിത്രത്തിന് രജനിയുടെ അഭിനന്ദനം; സംവിധായകന് സര്‍പ്രൈസ് ഫോണ്‍ കോള്‍!

തമിഴ് സിനിമയ്ക്ക് പൊങ്കല്‍ സീസണ്‍ പോലെയാണ് തെലുങ്ക് സിനിമയ്ക്ക് സംക്രാന്തി. ഇത്തവണത്തെ രണ്ട് പ്രധാന സംക്രാന്തി റിലീസുകളില്‍ ഒന്നായിരുന്നു ചിരഞ്ജീവി നായകനായ വാള്‍ട്ടര്‍ വീരയ്യയും നന്ദമുറി ബാലകൃഷ്ണയെന്ന ബാലയ്യ നായകനായ വീര സിംഹ റെഡ്ഡിയും. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ഇരു ചിത്രങ്ങളും നടത്തിയത്. ബാലകൃഷ്ണയെ സംബന്ധിച്ച് കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ചിത്രമാണ് വീര സിംഹ റെഡ്ഡി. ചിത്രം ഇഷ്ടപ്പെട്ടവരില്‍ തമിഴ് സൂപ്പര്‍താരം രജനികാന്തുമുണ്ട്!

ചിത്രത്തിന്‍റെ സംവിധായകന്‍ ഗോപിചന്ദ് മലിനേനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം ഇഷ്ടപ്പെട്ട രജനി തന്നെ ഫോണില്‍ വിളിച്ചെന്ന് പറയുന്നു ഗോപിചന്ദ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഭ്രമാത്മകമായ ഒരു നിമിഷമാണ് ഇത്. രജനീകാന്ത് സാറില്‍ നിന്ന് ഒരു ഫോണ്‍കോള്‍ ലഭിച്ചു. അദ്ദേഹം വീര സിംഹ റെഡ്ഡി കണ്ടു. ചിത്രം ഇഷ്ടപ്പെട്ടെന്നാണ് പറഞ്ഞത്. എന്നെ സംബന്ധിച്ച് ലോകത്തില്‍ മറ്റെന്തിനെക്കാളും വലുതാണ് ചിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ പ്രശംസാ വചനങ്ങള്‍. നന്ദി രജനി സാര്‍, ഗോപിചന്ദ് മലിനേനി ട്വീറ്റ് ചെയ്തു.

അഖണ്ഡയുടെ വന്‍ വിജയത്തിനു ശേഷം തിയറ്ററുകളിലെത്തിയ ബാലകൃഷ്ണ ചിത്രമാണ് വീര സിംഹ റെഡ്ഡി. ജനുവരി 12 ന് തിയറ്ററുകളിലെത്തിയ ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. 

ALSO READ : അഞ്ചില്‍ നാല് ദിനങ്ങളിലും 50 കോടിക്ക് മുകളില്‍; ബോക്സ് ഓഫീസ് ‘കിംഗ്’ ആയി ഷാരൂഖ് ഖാന്‍

By admin