ഇലകളില്‍ പൊള്ളിയപോലെ പാടുകൾ തെളിയും, വടകരയിൽ 300 ഏക്കറിൽ കരിഞ്ഞുണങ്ങി നെൽക്കതിരുകൾ, കാരണം ബ്ലാസ്റ്റ് ഫംഗസ്

കോഴിക്കോട്: ജില്ലയിലെ നെല്ലറ എന്ന വിശേഷണമുള്ള വടകര ചെരണ്ടത്തൂര്‍ ചിറയില്‍ 300 ഏക്കറോളം വരുന്ന നെല്‍കൃഷി നശിച്ചു. ബ്ലാസ്റ്റ് ഫംഗസ് രോഗബാധയെ തുടര്‍ന്ന് നെല്‍ക്കതിരുകള്‍ ഉണങ്ങിക്കരിഞ്ഞ അവസ്ഥയിലാണുള്ളത്. പുല്‍വര്‍ഗങ്ങളെ ബാധിക്കുന്ന ഫംഗസ് ആയതിനാല്‍ കൃഷിയിടത്തില്‍ വ്യാപകമായി കീടബാധയുണ്ടായിട്ടുണ്ട്.

ഇലകളില്‍ പൊള്ളിയ പോലെ പാട് പ്രത്യക്ഷപ്പെടുകയും പിന്നീട് ഇവ വ്യാപിച്ച് നെല്‍ക്കതിരുകള്‍ ആകമാനം നശിപ്പിക്കുകയുമാണ് ബ്ലാസ്റ്റ് ഫംഗസ് ചെയ്യുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ച വിള ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിന്നിരുന്ന കര്‍ഷകരെയാകെ വിഷമത്തിലാക്കിയാണ് കീടബാധയുണ്ടായിരിക്കുന്നത്.

മരുന്ന് തളിച്ചിട്ടും കാര്യമായ പ്രയോജനം ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കാന്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ നടന്നിട്ടില്ല. ചെരണ്ടത്തൂരില്‍ ഇത്തവണ അഞ്ച് പാടശേഖരങ്ങളില്‍ കൃഷിയിറക്കിയിരുന്നു. കീടബാധ പരിശോധിക്കാന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

By admin