വമ്പൻ തിരിച്ചടി, ആയിരം ജീവനക്കാരെ പിരിച്ചുവിട്ട് ഒമാൻ എയർ; 500 പ്രവാസികളും പുറത്തേക്ക്

മസ്കറ്റ്: പ്രവാസികളടക്കം ആയിരം ജീവനക്കാരെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍. 500 പ്രവാസികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനുമായ മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

നവീകരണത്തിന്‍റെ ഭാഗമായാണ് തീരുമാനം. നേരത്തെ  4,300 തൊഴിലാളികളാണ് ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്നത്. ഇത് സമാന ഫ്ലീറ്റ് സൈസില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റ് എയര്‍ലൈനുകളുടെ ശരാശരി തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ വളരെയേറെ കൂടുതലാണെന്ന് മന്ത്രി വ്യക്തമാക്കി. സാധാരണ നിലയില്‍ 2,700 ജീവനക്കാരാണ് ഉണ്ടാകേണ്ടത്. 

ജീവനക്കാരില്‍ ഏകദേശം 45 ശതമാനവും കോഓപ്പറേഷന്‍ നടപടികള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലാത്ത അസൈന്‍മെന്റ് ജീവനക്കാര്‍ മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ 1,000 ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിരിച്ചുവിട്ട 1000 തൊഴിലാളികളില്‍ 500 പേര്‍ പ്രവാസികളാണ്. ജീവനക്കാരെ കുറയ്ക്കുന്നതിന്‍റെ ഭാഗമായി തുടക്കത്തില്‍ വൊളന്‍ററി റിട്ടയര്‍മെന്റ് പ്രോഗ്രാം ആരംഭിച്ചു. ഇതില്‍ 310 ജീവനക്കാര്‍ ഓഫര്‍ സ്വീകരിച്ചു.

Read Also –  പാക് വ്യോമപാത അടച്ചത് പ്രവാസികളെ ബാധിക്കുമോ? ബജറ്റ് എയർലൈനുകൾ വഴിമാറ്റി വിടുന്നു, യാത്രക്കാർക്ക് അറിയിപ്പ്

ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ഒമാന്‍ എയര്‍ അതേ ശമ്പളത്തോടെയും എന്നാല്‍, ക്രമീകരിച്ച ജോലി ശീര്‍ഷകങ്ങളും കുറഞ്ഞ ആനുകൂല്യങ്ങളും ഉള്ള ബദല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കിയതായും എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി വ്യക്തമാക്കി. അതേസമയം ഒമാന്‍ എയര്‍ വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിന് വില്‍ക്കുന്നെന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകളിലും മന്ത്രി വിശദീകരണം നല്‍കി. നേരിട്ടുള്ള വില്‍പ്പന നടന്നിട്ടില്ലെന്നും വിമാനങ്ങള്‍ പൊതു ലേലത്തിലൂടെയാണ് വില്‍പ്പനക്ക് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin