ലോക സമാധാനം കൊതിച്ച വലിയ ഇടയൻ്റെ സംസ്കാര ചടങ്ങും സമാധാന ചർച്ചയുടെ വേദിയായി, ട്രംപും സെലൻസ്കിയുമായി കൂടിക്കാഴ്ച
വത്തിക്കാൻ സിറ്റി: ലോകം മുഴുവൻ സമാധാനം പടരട്ടെയെന്ന് ആഗ്രഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകളും സമാധാന ചർച്ചകളുടെ വേദിയായി. റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക തുടങ്ങിവച്ച ചർച്ചകൾ വീണ്ടും തുടങ്ങാനുള്ള സാധ്യതകളാണ് റോമിൽ നിന്നും പുറത്തുവരുന്നത്. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ റോമിൽ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചർച്ച നടത്തുന്നതും ഇതാദ്യമാണ്. അന്ന് തെറ്റിപ്പിരിഞ്ഞ ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നടക്കം പുറത്തുവരുന്നത്.
മാർപാപ്പയുടെ സംസ്കാര ചടങ്ങിന് മുന്നെ ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയെന്ന് സെലൻസ്കിയുടെ വക്താവ് ആണ് ആദ്യം അറിയിച്ചത്. പിന്നാലെ വൈറ്റ് ഹൗസും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. കൂടികാഴ്ച ഫലപ്രദം എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും വീണ്ടും ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സെന്‍റ് പീറ്റേഴ്സ് ചത്വരം ജനസാഗരം
അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പുരോഗമിക്കുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്‍റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. അന്തിമോപചാരമര്‍പ്പിക്കാൻ ട്രംപും സെലൻസ്കിയും ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും. ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അർധ രാത്രിയാണ് പൂട്ടി മുദ്രവെച്ചത്. മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതിനാൽ സാധാരണ പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതാകും ഇന്നത്തെ ശുശ്രൂഷ. ഒന്നര മണിക്കൂര്‍ നീളുന്ന ദിവ്യബലിക്കുശേഷമായിരിക്കും സെന്‍റ് മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോവുക.