ഉമിക്കരിയും വെള്ളവും ചേര്‍ത്ത് മീശ, മുണ്ടു കൊണ്ട് കര്‍ട്ടന്‍, സ്റ്റേജില്‍ നാടകം, അതൊരു കാലം!
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
വേനലവധിക്കാലം രണ്ടുമാസം. എന്നാലും ഞങ്ങള്‍ക്ക് വിരസതയനുഭവപ്പെട്ടിരുന്നില്ല. ഉച്ചയായാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ ഉച്ചയുറക്കമാവുമ്പോള്‍ ഞാനും അനിയനും, അനിയത്തിയും ശബ്ദമുണ്ടാക്കാതെ വീട്ടുവാതില്‍ പതുക്കെ ചാരി പുറത്ത് കടക്കും. ചുറ്റുമുള്ള പറമ്പുകളിലെ മാവുകളാണ് ലക്ഷ്യം. അന്ന് ഞങ്ങളുടെ കയ്യില്‍, വലിയ വീതിയോ, ഘനമോ ഇല്ലാത്ത ഇരുമ്പിന്റെ മൂന്നലകുകളുടെ ഒരറ്റം ഒരു സ്‌ക്രൂകൊണ്ട് ഉറപ്പിച്ചുചേര്‍ത്ത, എന്നാല്‍ നിവര്‍ത്തി ഒരു സ്‌കെയില്‍പോലെ ഉപയോഗിക്കാവുന്ന ഒരായുധം ഉണ്ടായിരുന്നു. തട്ടിന്‍പുറത്തുനിന്ന് സംഘടിപ്പിച്ചതാണ്. അതുപയോഗിച്ച് വളരെ ഉയരത്തിലല്ലാത്ത പച്ചമാങ്ങകളും, അല്‍പ്പം പഴുത്ത മാങ്ങകളും പൊട്ടിച്ച് തിന്നുന്നതായിരുന്നു ലക്ഷ്യം.
മറ്റൊന്ന് ഞങ്ങളുടെ വക വാര്‍ഷിക കലോത്സവാഘോഷം. അടുത്ത വീട്ടിലെ കുട്ടികളും ഞങ്ങളുടെ കൂടെകൂടും. നൃത്തവും നാടകവും മോണോആക്ടും അരങ്ങേറും. മേയ്ക്കപ്പ്, കര്‍ട്ടന്‍ എല്ലാം ഞങ്ങളുടെ വക. നാടകം (സ്‌കിറ്റ് ) അനിയന്‍ തയ്യാറാക്കും. ഉമിക്കരിയും വെള്ളവും ചേര്‍ത്താണ് മീശ തയ്യാറാക്കുക. കര്‍ട്ടനുള്ള മുണ്ടുകളും, കയറുകളും വീട്ടില്‍നിന്നെടുക്കും. വീടുകളിലെ മുതിര്‍ന്നവര്‍ കാണികളായി ഉണ്ടാവും. മെടഞ്ഞ ഓലകളും മടലുകളുംകൊണ്ട് പുരയുണ്ടാക്കി താഴെ സ്റ്റേജില്‍ കളിക്കും. എന്തൊരു രസമായിരുന്നെന്നോ!
വെള്ളത്തില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് ഉത്സാഹമായിരുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് വീട്ടിലെ കുളത്തില്‍ വെള്ളം കുറവായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അച്ഛന്റെ വീട്ടില്‍ പോവുകയായിരുന്നു പതിവ്. ഭാരതപ്പുഴ ഒഴുകിയിരുന്നത് അവിടെ വീട്ടില്‍നിന്നും വളരെ ദൂരെയല്ലായിരുന്നു. ഞങ്ങള്‍ രാവിലെ കുളിക്കാനായി പുഴയിലേക്ക് പോയാല്‍ നീന്തിയും തുഴഞ്ഞും രണ്ട് മണിക്കൂര്‍ കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ.
മറ്റൊരാകര്‍ഷണം വായനശാലാ വാര്‍ഷികോത്സവമാണ്. അനിയത്തിയും, ഞാനും സ്റ്റേജില്‍ ഡാന്‍സ് കളിക്കും. കൂടാതെ ഞാന്‍ കിണ്ണക്കളിയിലും പങ്കെടുത്തിരുന്നു. അത്രയൊന്നും നന്നായിരുന്നില്ലെങ്കിലും ഞങ്ങള്‍ക്കവര്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ബാക്കിയുളള വെക്കേഷന്‍ ദിവസങ്ങള്‍ ഞങ്ങള്‍ സ്വന്തം വീട്ടിലായിരിക്കും.
അയ്യപ്പന്‍ വിളക്കായിരുന്നു മറ്റൊരു സംഭവം. അനിയനാണ് എന്നും വെളിച്ചപ്പാട്. മടവാളായിരുന്നു വാള്‍. തെങ്ങിന്‍മടലുകളും ഓലകളുംകൊണ്ട് കുട്ടിപ്പുരയുണ്ടാക്കി അതിന്നകത്ത് അടുപ്പുണ്ടാക്കും. പാത്രവും, അരിയും, ശര്‍ക്കരയും അമ്മയില്‍നിന്നും വാങ്ങിച്ച് പായസമുണ്ടാക്കി അയ്യപ്പന് നിവേദ്യമര്‍പ്പിക്കും. വിളക്ക് കഴിഞ്ഞാല്‍ പായസം എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കും. ചില ദിവസങ്ങളില്‍ കുരുത്തോലകളും, പല നിറങ്ങളിലുള്ള സാരിക്കഷ്ണങ്ങളും ശേഖരിച്ച് പൂതന്‍ കെട്ടി കളിച്ച് ദേവീക്കാവ് വേലകള്‍ നടത്തും.