പാക് വ്യോമപാതയിലെ വിലക്ക് ; വിമാന കമ്പനികൾക്ക് സുപ്രധാന മാർഗനിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം
ദില്ലി: പാക് വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇതിനുപുറമെ വഴി മാറി പോകുന്നതിനാൽ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ചും മുന്‍കൂട്ടി വിവരം നല്‍കണം. യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. അതേ സമയം വിമാനടിക്കറ്റ് നിരക്കുയര്‍ന്നാല്‍ കേന്ദ്രം ഇടപെടുമോയെന്ന കാര്യം വ്യക്തമല്ല.
വ്യോമപാതയടച്ച സാഹചര്യത്തില്‍ റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവിന്‍റെ പേരില്‍ അന്താരാഷ്ട്ര യാത്രയില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.
വഴി മാറി പോകുന്നതിനാൽ വിമാന യാത്രയിലെ സമയ ദൈര്‍ഘ്യമടക്കമുള്ള കാര്യങ്ങളിലും വഴിയിൽ സാങ്കേതിക കാര്യങ്ങള്‍ക്കായി ഏതൊക്കെ വിമാനത്താവളങ്ങളിൽ വിമാനം ഇറക്കേണ്ടിവരുമെന്നകാര്യമടക്കം മുൻകൂട്ടി യാത്രക്കാരെ അറിയിക്കണമെന്നാണ് നിര്‍ദേശം. പുതിയ റൂട്ടിലൂടെ എത്ര സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന കാര്യവും യാത്രക്കാരെ അറിയിക്കണം. മെഡിക്കൽ കിറ്റുകളടക്കം ആവശ്യത്തിന് കരുതണം. അടിയന്തര ആവശ്യങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള വിമാനത്താവളങ്ങളിൽ ആവശ്യമായ അറിയിപ്പ് നൽകണമെന്നും നിര്‍ദേശമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയെടുത്ത കടുത്ത നടപടികള്‍ക്ക് പിന്നാലെയാണ് പാക് വ്യോമ മേഖലയിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകളടക്കം വഴിതിരിച്ചാണ് പോകുന്നത്.