പാക് വ്യോമപാത അടച്ചത് പ്രവാസികളെ ബാധിക്കുമോ? ബജറ്റ് എയർലൈനുകൾ വഴിമാറ്റി വിടുന്നു, യാത്രക്കാർക്ക് അറിയിപ്പ്

ദുബൈ: പാക്കിസ്ഥാൻ വ്യോമപാത അടച്ചതോടെ യുഎഇയിലേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യന്‍ ബജറ്റ് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. മറ്റ് റൂട്ടുകളിലൂടെ വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നത് മൂലം യാത്രയ്ക്ക് അധിക സമയം വേണ്ടി വരും. 

ദില്ലിയില്‍ നിന്നും ഇന്ത്യയുടെ വടക്ക് ഭാഗങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് കൂടുതല്‍ സമയം യാത്രയ്ക്ക് വേണ്ടി വരുന്നത്. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വര്‍ധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. താല്‍ക്കാലികമായാണ് ഈ ടിക്കറ്റ് നിരക്ക് വര്‍ധന ബാധകമാകുക. വിമാന ടിക്കറ്റ് നിരക്കില്‍ എട്ടു മുതല്‍ 12 ശതമാനം വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ വഴിമാറ്റി വിടാൻ തീരുമാനിച്ചതായി ആകാശ എയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ട എല്ലാ വിമാനങ്ങളും വഴിമാറ്റിവിടുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. ഈ മാറ്റം എയര്‍ലൈന്‍റെ പ്രവര്‍ത്തനത്തില്‍ കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നും യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകില്ലെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. 

ഉയര്‍ന്ന നിലയിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്ഥിതിഗതികള്‍ എല്ലാ ദിവസവും വിലയിരുത്തുമെന്നും എയര്‍ലൈന്‍റെ പ്രവര്‍ത്തനത്തില്‍ ഇതനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി ക്രമപ്പെടുത്തുമെന്നും ആകാശ എയര്‍ അറിയിച്ചു. സ്പൈസ്ജെറ്റും യാത്രക്കാര്‍ക്ക് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനങ്ങള്‍ മറ്റ് പാതകള്‍ സ്വീകരിക്കുമെന്ന് വിമാന കമ്പനി വ്യക്തമാക്കി. യാത്രാ സമയം കൂടുന്നതിനാല്‍ ഈ വിമാനങ്ങളില്‍ കൂടുതല്‍ ഇന്ധനം നിറക്കേണ്ടി വരുമെന്നും എന്നാല്‍ വിമാനങ്ങളുടെ ഷെഡ്യൂളില്‍ കാര്യമായ മാറ്റം വരില്ലെന്നും സ്പൈസ്ജെറ്റ് അറിയിച്ചു.

Read Also –  മാസം കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം, ജർമ്മനിയിൽ മലയാളി നഴ്സുമാർക്ക് അവസരം, 100 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

പാക് വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളും വൈകുന്നുണ്ട്. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരികെയോ ഉള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ മറ്റ് റൂട്ടുകള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തങ്ങളുടെ ചില അന്താരാഷ്ട്ര വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ പാക് തീരുമാനം ബാധിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സും അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin