കോഴിക്കോട് ∙ പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ.
ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി വെട്ടിത്തുറക്കുകയും പ്രാചീന കേരളചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്ത ധിഷണാശാലിയായിരുന്നു എംജിഎസ്. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടി കാട്ടാതിരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിമരുന്നിട്ടു.
അതേസമയം നിലപാടുകളിലെ കൃത്യതയും നിർഭയത്വവും കൊണ്ട് ആരാധകരെയും സൃഷ്ടിച്ചു അദ്ദേഹം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മെംബർ സെക്രട്ടറിയും ചെയർമാനും ആയിരുന്നു. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ: പ്രേമലത. മക്കൾ: വിജയകുമാർ (വ്യോമസേനാ ഉദ്യോഗസ്ഥൻ), വിനയ (നർത്തകിയും മോഹിനിയാട്ടം ഗവേഷകയും).
1932 ഓഗസ്റ്റ് 20 ന് പൊന്നാനിയിലാണ് മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എംജിഎസ് നാരായണൻ ജനിച്ചത്. ഡോക്ടറായിരുന്നു പിതാവ് ഗോവിന്ദമേനോൻ. പരപ്പനങ്ങാടി ബിഇഎം സ്കൂൾ, പൊന്നാനി എവി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം ഫാറൂഖ് കോളജിൽ ബിഎ ഇക്കണോമിക്സ് പഠിക്കാൻ ചേർന്നെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ട് തൃശൂർ കേരളവർമ കോളജിലേക്കു മാറി. ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ എംഎ ഇംഗ്ലിഷ് പഠിക്കാൻ പോയി. പക്ഷേ പ്രവേശനം കിട്ടിയത് ഹിസ്റ്ററിക്കാണ്. അങ്ങനെയാണ് ചരിത്രപഠനത്തിന്റെ വഴിയിലേക്ക് എംജിഎസ് തിരിഞ്ഞത്. കേരള സർവകലാശാലയിൽനിന്നു ചരിത്രത്തിൽ പിഎച്ച്ഡി നേടി. ഗുരുവായൂരപ്പൻ കോളജ്, കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു.
ഹൈസ്കൂൾ പഠനകാലത്തു കവിതയെഴുത്തും ചിത്രംവരയുമുണ്ടായിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രംവര കണ്ടാണ് താൻ വരയ്ക്കുന്നതു നിർത്തിയതെന്ന് എംജിഎസ് പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്. കവിതയ്ക്ക് ധാരാളം സമ്മാനം കിട്ടിയിരുന്നു. ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള ‘പൊന്നാനിക്കളരി’യിൽ എംജിഎസ് അംഗമായി. ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണൻ, അക്കിത്തം തുടങ്ങിയവരുടെ ശിക്ഷണത്തിൽ എഴുതിത്തെളിഞ്ഞു. എം.ഗോവിന്ദൻ പത്രാധിപരായ മദ്രാസ് പത്രിക എന്ന മാസികയിലാണ് ആദ്യം കവിത അച്ചടിച്ചുവന്നത്. എസ്‌എം മുറ്റായിൽ, എസ്‌എം നെടുവ എന്നീ പേരുകളിൽ കവിതകൾ അച്ചടിച്ചുവന്നിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളജിൽ പഠിക്കുന്ന കാലത്ത് എൻ.വി.കൃഷ്ണവാര്യർ, എൻ.എൻ.കക്കാട്, ഉറൂബ്, തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും അവഗാഹമുള്ള എംജിഎസ് ശിലാരേഖപഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഒാഫ് ലണ്ടനിലെ സ്കൂൾ ഒാഫ് ഒാറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡിസിൽ കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂണിവേഴ്സിറ്റി ഒാഫ് മോസ്കോ, ലെനിൻഗ്രാഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാറിയന്റൽ സ്റ്റ‍ഡീസ് എന്നിവടങ്ങളിൽ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്സിറ്റി ഒാഫ് ഫോറിൻ സ്റ്റ‍ിഡിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലാംഗ്വജ്സ് ആൻഡ് കൾച്ചേഴ്സിൽ പ്രഫസർ എമരിറ്റസ്, മഹാത്മാഗാന്ധി സർവകലാശാല, മാംഗ്ലൂർ സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, ഇന്ത്യൻ ഹിസ്റ്റോറിക്കൽ റിവ്യു തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയംഗമായിരുന്നു. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, എപ്പിഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ, റോക്ക് ആർട്ട് സൊസൈറ്റി ഓഫ് ഇന്ത്യ, ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യ എന്നീ സംഘടനകളിൽ പ്രവർത്തിച്ചു.

ഇന്ത്യാചരിത്രപരിചയം, സാഹിത്യാപരാധങ്ങൾ, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, വഞ്ഞേരി ഗ്രന്ഥവരി, സെക്കുലർ ജാതിയും സെക്കുലർ മതവും, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, കേരളത്തിന്റെ സമകാലിക വ്യഥകൾ,  ചരിത്രകാരന്റെ കേരളദർശനം, കോഴിക്കോട് – ചരിത്രത്തിൽനിന്ന് ചില ഏടുകൾ തുടങ്ങിയ പുസ്തകങ്ങളും പെരുമാൾസ് ഓഫ് കേരള, മലബാർ തുടങ്ങിയ വേഷണപ്രബന്ധങ്ങളുമാണ് പ്രധാന രചനകൾ.
 https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *