ഒരു ഗ്രാമത്തിൽ പ്രേതബാധയുണ്ട് എന്ന് കേട്ടാൽ ആളുകൾ മിക്കവാറും അവിടെ ചെല്ലാതിരിക്കാനാണ് നോക്കുക അല്ലേ? മാത്രമല്ല, അതിന്റെ പിന്നാലെയുള്ള സത്യം അന്വേഷിച്ച് ചെല്ലാനും ആരും മെനക്കെടാറില്ല. മിക്കവാറും സിനിമകളിൽ മാത്രമാണ് ആളുകൾ അത്തരം സ്ഥലങ്ങളുടെ പിന്നാലെ പോകുന്നതും സത്യം എന്താണ് എന്ന് അന്വേഷിക്കാൻ ശ്രമിക്കുന്നതും.
എന്നാൽ, ബ്രിട്ടനിലെ ഏറ്റവും പ്രേതബാധയുള്ളതായി അറിയപ്പെടുന്ന ഒരു ഗ്രാമത്തിലും അതുപോലെ ഒന്ന് സംഭവിച്ചു. ഒരാൾ പ്രേതബാധയുണ്ട് എന്ന് പറയപ്പെടുന്ന ആ ഗ്രാമം സന്ദർശിക്കുകയും എങ്ങനെയാണ് ഈ കഥകളുടെ ഉറവിടം എന്ന് അന്വേഷിക്കുകയും ചെയ്തു.
70 വർഷത്തിലേറെയായി, ഇംഗ്ലണ്ടിലെ കെന്റിലുള്ള പ്ലക്ലി അറിയപ്പെടുന്നത് തന്നെ ഇവിടുത്തെ ‘ഏറ്റവും പ്രേതബാധയുള്ള ഗ്രാമം’ എന്നാണ്. ഒരു ഡസൻ പ്രേതമെങ്കിലും ഇവിടെ കാണും എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ‘തൂങ്ങിക്കിടക്കുന്ന ഒരു സ്കൂൾ മാസ്റ്റർ’, ‘നിലവിളിക്കുന്ന ഒരു മനുഷ്യൻ’ എല്ലാം ഈ പ്രേതകഥകളിൽ പെടുന്നു.
അങ്ങനെ അടുത്തിടെയാണ് ഒരാൾ ഈ കഥകൾക്ക് പിന്നിൽ എന്തായിരിക്കും എന്ന് അന്വേഷിച്ച് ചെന്നത്. ബ്രിസ്റ്റലിലെ വെസ്റ്റ് ഇംഗ്ലണ്ട് സർവകലാശാലയിലെ ക്രിയേറ്റീവ് ഇക്കണോമി അസോസിയേറ്റ് പ്രൊഫസറായ ഡോ. സൈമൺ മോർട്ടൺ ആണ് കഥകളെ കുറിച്ച് അന്വേഷിക്കാനായി ഗ്രാമത്തിലേക്ക് പുറപ്പെട്ടത്.
ഡോ. മോർട്ടന്റെ പൂർവ്വികർ ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ് എന്നതിനാൽ തന്നെ അദ്ദേഹത്തിന് ഇതിൽ പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. പ്രേതകഥകൾക്ക് പിന്നിലെ സത്യം കണ്ടെത്തുന്നതിനായി അദ്ദേഹം പത്രങ്ങൾ, ജനന രേഖകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, മരണ രേഖകൾ എന്നിവയെല്ലാം പരിശോധിച്ചുവത്രെ. അങ്ങനെ, ആ ഗ്രാമത്തിലെ പ്രേതകഥകളിൽ നാലെണ്ണം മാത്രമേ യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വന്നതായുള്ളൂ എന്ന് അദ്ദേഹത്തിന്റെ ഗവേഷണം വെളിപ്പെടുത്തുകയായിരുന്നു.
1950 -കളിലാണ് പ്ലക്ലി പ്രേതബാധയുള്ളതായി അറിയപ്പെട്ട് തുടങ്ങിയത്. 10 മുതൽ 17 വരെ പ്രേതങ്ങൾ ഇവിടെ ഉണ്ടെന്ന അഭ്യൂഹങ്ങൾ അവിടെ പ്രചരിച്ചു. 1989 -ൽ, ഈ ഗ്രാമം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ പോലും ഇടം നേടി. എച്ച്.ഇ. ബേറ്റ്സിന്റെ ‘ഡാർലിംഗ് ബഡ്സ് ഓഫ് മെയ്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ടിവി പരമ്പരയിൽ പ്ലക്ലിയിലെ 14-ാം നൂറ്റാണ്ടിലെ പള്ളിയും പ്രശസ്തമായി.
എന്തായാലും, തന്റെ അന്വേഷണത്തിന് ശേഷം, ഡോ. മോറെട്ടൺ ചില കൗതുകകരമായ വെളിപ്പെടുത്തലുകൾ നടത്തി. ഗ്രാമത്തിലുള്ള 10 പ്രേതകഥകളെങ്കിലും ആ നാട്ടിലെ ഒരൊറ്റ വ്യക്തിയുമായി ബന്ധപ്പെട്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
നാല് പ്രേതകഥകൾ മാത്രമാണ് യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് നിൽക്കുന്നത്. 1911 ഓഗസ്റ്റിൽ ചുട്ടുകൊല്ലപ്പെട്ട സാറാ ഷാർപ്പ് ആണ് ‘വാട്ടർ ക്രെസ് വുമൺ’ എന്ന് വിളിക്കപ്പെടുന്നത്. 1862 -ൽ ആത്മഹത്യ ചെയ്ത മേരി ആൻ ബെന്നറ്റിനെയാണ് ‘ലെറ്റി ഓഫ് ദ റോസ് കോർട്ട്’ എന്ന് വിളിക്കുന്നത്. 1899 ൽ ഒരു ഖനി അപകടത്തിൽ മരിച്ച റിച്ചാർഡ് ബ്രിഡ്ജ്ലാൻഡിനെയാണ് ‘സ്ക്രീമിംഗ് മാൻ ഓഫ് ക്ലേ പിറ്റ്’ എന്ന് വിളിക്കുന്നത്. 1919 -ൽ ആത്മഹത്യ ചെയ്ത ഹെൻറി ആഗറിനെ ആണ് ‘ഹാങ്ങിങ് സ്കൂൾ മാസ്റ്റർ’ എന്ന് വിളിക്കുന്നത്.
എന്തായാലും, ഇദ്ദേഹത്തിന്റെ അന്വേഷണം ആളുകളിൽ പ്രേതത്തെ കുറിച്ചുള്ള വിശ്വാസം കൂടുതൽ കൂടാനാണ് കാരണമായി തീർന്നതത്രെ. മരിച്ചവർ പ്രേതങ്ങളായി തുടരുമെന്ന കഥയ്ക്ക് യുക്തിയുമായി ബന്ധമൊന്നുമില്ലെങ്കിൽ ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നവർ എല്ലായിടത്തുമുണ്ടല്ലോ അല്ലേ?