മലബാർ മേഖലയിലെ വൈദ്യുതി നിയന്ത്രണം അവസാനിച്ചു, സംസ്ഥാനത്ത് ലോഡ് ഷെഡിംഗിന്റെ സാഹചര്യമില്ലെന്ന് മന്ത്രി
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ലോഡ് ഷെഡിംഗിന്റെ സാഹചര്യമില്ല. മലബാർ മേഖലയിലെ വൈദ്യുതി നിയന്ത്രണം അവസാനിച്ചു. അവിടത്തെ പ്രതിസന്ധി പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതൽ മൂന്നു മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ദീർഘകാല കുടിശ്ശിക തീർക്കാൻ കഴിയും. രണ്ടു വര്ഷത്തിനുമേല് പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാൻ കഴിയുക. വൈദ്യുതി ബില്‍ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശ്ശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുമാകും.
10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും.5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം, രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഒറ്റത്തവണയായി തീർപ്പാക്കാൻ കഴിയും.പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് ആദ്യമായി ബിൽ കുടിശ്ശികയിൽ (Principal Amount) 5% ഇളവും ലഭിക്കും. അതായത് ബിൽ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാൽ മതിയാകും. കെ എസ് ഇ ബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കാൻ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.
റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും..കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീർപ്പാക്കാൻ അവസരമുണ്ട്. പൂർണ്ണമായ കുടിശ്ശിക നിവാരണം ലക്ഷ്യമിട്ടാണ് ഇത്രയേറെ ഉദാരമായ വ്യവസ്ഥകളിലൂടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിക്കുന്നതെന്നും ഇനി ഇത്തരമൊരു അവസരം ലഭ്യമാകുന്നതല്ലെന്നും കെ എസ് ഇ ബി അറിയിച്ചു.
.