കെഎസ്ആർടിസി സീറ്റിൽ കൂളായി രണ്ടുപേരുടെയും യാത്ര, മടിയിൽ ബാഗും; അപ്രതീക്ഷിതമായി എക്സൈസ് എത്തി, കഞ്ചാവ് വേട്ട
കൊല്ലം: ആര്യങ്കാവിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് സ്വദേശികളായ മുബഷീർ, പ്രജോഷ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തെങ്കാശിയിൽ നിന്ന് കായംകുളത്തേക്ക് പോയ ബസിലാണ് കഞ്ചാവ് കടത്തിയത്.
ബസിൽ കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു. തുടർന്നാണ് കവറിലാക്കി സൂക്ഷിച്ചിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. എറണാകുളത്തെ മൊത്തവിരണക്കാരന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.