ഡോ. കെ കസ്തൂരിരംഗൻ: ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന്, കസ്തൂരിരംഗൻ റിപ്പോര്‍ട്ട് മുതല്‍ എന്‍ഇപി വരെ സാന്നിധ്യം
തിരുവനന്തപുരം: രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തിന് അതുല്യ സംഭാവനകൾ നൽകിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ കസ്തൂരിരംഗൻ വിടവാങ്ങിയിരിക്കുകയാണ്. 84-ാം വയസിൽ ബെംഗളൂരുവിലെ വസതിയിലാണ് അദേഹത്തിന്റെ അന്ത്യം. 1994 മുതൽ നീണ്ട 9 വർഷം ഡോ. കെ കസ്തൂരിരംഗൻ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ നയിച്ചു. ഇസ്രൊയുടെ തലപ്പത്ത് യുആര്‍ റാവു എന്ന ഇതിഹാസ ചെയര്‍മാന്റെ പിന്‍ഗാമിയായിരുന്നു അദേഹത്തിന്റെ നിയമനം.
നമ്മുടെ കൊച്ചിക്കാരന്
കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ എന്നാണ് ഡോ. കെ കസ്തൂരിരംഗന്റെ പൂര്‍ണ നാമം. 1940 ഒക്ടോബര്‍ 24ന് എറണാകുളത്താണ് ഡോ. കെ കസ്തൂരിരംഗൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം കേരളത്തിലായിരുന്നെങ്കിലും പിന്നീട് പിതാവിന്റെ ജോലിസ്ഥലമായ ബോംബയിലേക്ക് മാറി. ബോംബയില്‍ വച്ച് ഭൗതികശാസ്ത്രത്തില്‍ ബിരുദ, ബിരുദാന്തര ബിരുദങ്ങള്‍ നേടി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ഗവേഷകനായാണ് ബഹിരാകാശ രംഗത്ത് അദേഹത്തിന്റെ തുടക്കം. അവിടെ നിന്ന് ഹൈ എനര്‍ജി ആസ്ട്രോണമിയില് ഡോക്ടറേറ്റ് കരസ്ഥമാക്കി. 1971ല്‍ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ സാറ്റ്ലൈറ്റ് സെന്ററില്‍ ഫിസിസിസ്റ്റായി ജോലി ആരംഭിച്ചു. 1990ല്‍ ഈ കേന്ദ്രത്തിന്റെ ഡയറക്ടറായി. ഇതിനിടെ ഇന്ത്യയുടെ ആദ്യ രണ്ട് ഭൗമനിരീക്ഷണ പരീക്ഷണ സാറ്റ്ലൈറ്റുകളായ ഭാസ്കര 1, ഭാസ്കര 2 എന്നീ ഉപഗ്രഹങ്ങളുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ഐആര്‍എസ്-1എയുടെ പ്രൊജക്ട് ഡയറക്ടറുമായി.
ഇസ്രൊയുടെ അഞ്ചാം തലവന്‍
ഈ പ്രയാണം ഡോ. കെ കസ്തൂരിരംഗനെ ഐഎസ്ആര്‍ഒയുടെ അഞ്ചാമത്തെ തലവന്‍ എന്ന മഹനീയ സ്ഥാനം വരെയെത്തിച്ചു. 1994 മുതൽ 2003 വരെ ഇസ്രൊ ചെയര്‍മാന്റെ പദവി ഡോ. കസ്തൂരിരംഗൻ വഹിച്ചു. അതേ കാലത്ത് സ്പേസ് കമ്മീഷന് ചെയര്മാന്, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ പദവികളും കെ കസ്തൂരിരംഗനെ തേടിയെത്തി. 2003 ഓഗസ്റ്റ് 27ന് ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ചു. ഇതിന് ശേഷം 2003-2009 വരെ രാജ്യസഭാ അംഗമായി.
ഡോ. കെ കസ്തൂരിരംഗൻ ചെയര്‍മാനായിരിക്കേ ഐഎസ്ആര്‍ഒ ഏറെ നാഴികക്കല്ലുകളാണ് സ്വന്തമാക്കിയത്. ഡോ. കെ കസ്തൂരിരംഗൻ പുത്തന്‍ തലമുറ സ്പേസ്ക്രാഫ്റ്റുകള്‍, ഇന്‍സാറ്റ്-2, ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് സാറ്റ്ലൈറ്റുകള്‍ എന്നിവയുടെ വികസനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. പിഎസ്എല്‍വി വിക്ഷേപണ വാഹനത്തിന്റെ ഉപയോഗം വ്യാപകമായതും ജിഎസ്എല്‍വി വിക്ഷേപണ വാഹനത്തിന്റെ വികസനം നടന്നതും കസ്തൂരിരംഗൻ ഇസ്രൊ ചെയര്‍മാനായിരുന്ന കാലത്താണ്. ഡോ. കെ കസ്തൂരിരംഗൻ ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചാന്ദ്ര യാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. ഇതിന്റെ ഭാഗമായി ഏറെ പഠനങ്ങള്‍ അദേഹം നടത്തി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും എന്‍ഇപിയും
2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപീകരണത്തിന് മേല്‍നോട്ടം വഹിച്ചത് ഡോ. കെ കസ്തൂരിരംഗനായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ചാന്‍സലര്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാന് ചാന്‍സലര്‍, കര്‍ണാടക നോളേജ് കമ്മീഷന് ചെയര്മാന്, പ്ലാനിംഗ് കമ്മീഷന് ഓഫ് ഇന്ത്യ അംഗം എന്നിങ്ങനെ നീളുന്നു കെ കസ്തൂരിരംഗനെ തേടിയെത്തിയ ചുമതലകള്‍. അനേകം അക്കാഡമിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ഹോണററി പ്രൊഫസര്‍ അടക്കമുള്ള ബഹുമതികളും ലഭിച്ചു. പദ്മ വിഭൂഷൺ അടക്കമുള്ള ബഹുമതികൾ നൽകി രാഷ്ട്രം അദേഹത്തെ ആദരിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ സമിതി മുന്നോട്ടുവെച്ച ശുപാർശകൾ വിലയിരുത്തി പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
Read more: മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ കസ്തൂരിരംഗൻ അന്തരിച്ചു