ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; അന്ത്യാഞ്ജലിയർപ്പിച്ച് ഗവർണറും മന്ത്രിമാരും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

കൊച്ചി: കൊച്ചി: പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊന്ന എൻ.രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം. കൊച്ചി ചങ്ങന്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരം അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപസമയത്തിനകം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം. പഹൽഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണിതെന്ന് ഗവർണർ പ്രതികരിച്ചു.

കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് അടക്കം പ്രമുഖർ രാമചന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിച്ചു. നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ഇന്നലെ രാമചന്ദ്രൻ്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

പേരക്കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാനാണ് ഭാര്യ ഷീലക്കും മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്. പഹൽഗാമിൽ എത്തിയ ഇവർ വെടിയൊച്ച കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ വനത്തിനുള്ളിൽ വച്ച് ഭീകരൻ തടഞ്ഞ് വെടിയുതിർത്തുവെന്നാണ് മകൾ ആരതി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ സജീവ ബിജെപി പ്രവർത്തകനായിരുന്നു. 

By admin