അക്കൗണ്ട് തുടങ്ങാൻ ബാങ്കിൽ പോയ 18-കാരൻ ഞെട്ടിപ്പോയി, 9 -ാം വയസ് മുതൽ കരിമ്പട്ടികയിൽ

പലരും പഠനാവശ്യങ്ങൾക്ക് വേണ്ടി വിദ്യാഭാസ ലോണുകൾ എടുക്കാറുണ്ട്. ഉന്നതപഠനത്തിന് വേണ്ട സാമ്പത്തികാവസ്ഥയില്ലാത്തവരെ സംബന്ധിച്ച് വിദ്യാഭ്യാസ ലോണുകൾ വലിയ ആശ്വാസമായി അനുഭവപ്പെടാറുമുണ്ട്. അതുപോലെ തന്നെ മറ്റ് പല ഫണ്ടുകളും പഠനത്തിന് വിദ്യാർത്ഥികളുടെ സഹായത്തിനെത്താറുണ്ട്. പക്ഷേ, ഇതിനെല്ലാം ബാങ്കിൽ അക്കൗണ്ട് വേണം. എന്നാൽ, മലേഷ്യയിൽ ഒരു വിദ്യാർത്ഥി അങ്ങനെ അക്കൗണ്ടെടുക്കാൻ ബാങ്കിൽ പോയതിന് പിന്നാലെ ആകെ ഞെട്ടലിലാണ്. 

മലേഷ്യയിലെ പെനാങ്ങിൽ നിന്നുള്ള ഷൗ ഡെലി എന്ന 18 വയസുകാരനാണ് ബാങ്കിൽ പോയത്. എന്നാൽ, ബാങ്കിൽ അപേക്ഷ സമർപ്പിച്ച ഉടനെ തന്നെ അവന്റെ അപേക്ഷ തള്ളിപ്പോവുകയായിരുന്നു. അതിന്റെ കാരണമാണ് അമ്പരപ്പിക്കുന്നത്. ഷൗ നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കാണിച്ചായിരുന്നു അവന് ബാങ്കിൽ അക്കൗണ്ട് നിഷേധിക്കപ്പെട്ടത്. 

അതും ഒൻപത് വയസ്സുള്ളപ്പോൾ മുതൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ബാങ്കിന്റെ കരിമ്പട്ടികയിലാണ് ഷൗ. അടുത്തിടെയാണ് അവൻ എടിസി കോളേജിൽ ഉന്നത പഠനത്തിനായി ചേർന്നത്. 2025 ഓഗസ്റ്റിലാണ് നാഷണൽ ഹയർ എഡ്യൂക്കേഷൻ ഫണ്ട് വായ്പ കിട്ടേണ്ടിയിരുന്നത്. ഫണ്ട് നേരിട്ട് വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് വരിക. എന്നാൽ, കരിമ്പട്ടികയിൽ പെടുത്തിയതിനാൽ തന്നെ ഷൗവിന് അക്കൗണ്ട് തുടങ്ങാനായില്ല. മാത്രമല്ല, അവന്റെ ഭാവി ആകെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

പെനാങ്ങിലെ നാഷണൽ ബാങ്ക് ബ്രാഞ്ചിൽ അപേക്ഷ സമർപ്പിച്ചത് നിരസിക്കപ്പെട്ടതോടെയാണ് ഷൗ ആകെ പ്രശ്നത്തിലായത്. പിന്നീട് ക്വീൻസ്‌ബേ മാളിലെ മെയ്‌ബാങ്കിൽ വീണ്ടും ശ്രമിച്ചെങ്കിലും അവിടെയും അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി വരേണ്ടി വരികയായിരുന്നു. അപ്പോഴാണ് 2016 മുതൽ മലേഷ്യയുടെ ‘ടിപ്പിംഗ് ഒഫൻസീവ്’ കരിമ്പട്ടികയിൽ താൻ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഷൗ കണ്ടെത്തുന്നത്.

‘ഇതറിഞ്ഞ താൻ ഞെട്ടിപ്പോയി, കരിമ്പട്ടികയിൽ പെടുമ്പോൾ വെറും ഒമ്പത് വയസാണ് എന്റെ പ്രായം, അന്ന് തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല’ എന്നാണ് ഷൗ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തെ സഹായിക്കുന്ന തരത്തിലുള്ള ധനസഹായം, സംശയാസ്പദമായ ഇടപാടുകൾ ഒക്കെ വരുമ്പോഴാണ് ആളുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുന്നത്.

എന്നാൽ, ഷൗവോ അവന്റെ സാധാരണക്കാരായ മാതാപിതാക്കളോ അത്തരത്തിലുള്ള ഒരു ഇടപാടുകളും നടത്തിയിട്ടില്ല. സംഭവത്തിൽ വിശദീകരണം തേടി പലയിടങ്ങളിലും ചെന്നെങ്കിലും ഷൗവിന് അക്കൗണ്ട് തുറക്കാനായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെ തനിക്ക് കിട്ടാനുള്ള ഫണ്ട് നിരസിക്കപ്പെട്ടാൽ തന്റെ വിദ്യാഭ്യാസം തന്നെ അവതാളത്തിലാവുമെന്ന ആശങ്കയിലാണ് ഇപ്പോൾ ഷൗ കഴിയുന്നതത്രെ. 

By admin