ഐപിഎല്‍: അഞ്ച് തുടര്‍ തോല്‍വികള്‍, ആകെ ഏഴ് പരാജയം; രാജസ്ഥാന്‍ റോയല്‍സിന് ഇപ്പോഴും പ്ലേഓഫ് സാധ്യത!
ബെംഗളൂരു: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഏഴാം തോല്‍വിയും വഴങ്ങിയതോടെ കിതയ്ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയായിരുന്നു രാജസ്ഥാന്‍റെ അവസാന തോല്‍വി. സീസണില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ പരാജയമറിഞ്ഞിട്ടും റോയല്‍സിന്‍റെ പ്ലേഓഫ് പ്രതീക്ഷ അവസാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും പ്ലേഓഫിന് യോഗ്യത നേടാന്‍ രാജസ്ഥാന് നേരിയ സാധ്യതകളേ അവശേഷിക്കുന്നുള്ളൂ.
കണക്കുകളില്‍ രാജസ്ഥാന്‍ റോയല്‍സ് ഇതുവരെ പ്ലേഓഫ് സാധ്യതകള്‍ക്ക് പുറത്തായിട്ടില്ല. അവശേഷിക്കുന്ന അഞ്ച് മത്സരങ്ങള്‍ ജയിച്ചാല്‍ രാജസ്ഥാന്‍ 14 പോയിന്‍റുകള്‍ നേടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 14 പോയിന്‍റുമായി പ്ലേഓഫിലെത്തിയിരുന്നു. നിലവില്‍ 12 പോയിന്‍റുകള്‍ വീതമുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ് ബെംഗളൂരു എന്നിവരാണ് പ്ലേഓഫ് സാധ്യതകളില്‍ ഏറ്റവും മുന്നിലുള്ളത്. 10 പോയിന്‍റ് വീതവുമായി മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും ലക്നൗ സൂപ്പര്‍ ജയന്‍റ്സും തൊട്ടുപിന്നാലെയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുള്ളത് ആറ് പോയിന്‍റും. നാല് പോയിന്‍റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും അവസാന നാലിലേക്ക് ഇരച്ചെത്താന്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.
ഏപ്രില്‍ 28ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും മെയ് 1ന് മുംബൈ ഇന്ത്യന്‍സിനെതിരെയും മെയ് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും മെയ് 12ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും മെയ് 16ന് പഞ്ചാബ് കിംഗ്സിനെതിരെയുമാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ അവശേഷിക്കുന്ന മത്സരങ്ങള്‍. ശേഷിക്കുന്ന അഞ്ചില്‍ നാല് മത്സരങ്ങളും റോയല്‍സിന് ഹോം മാച്ചുകളാണ് എന്ന പ്രത്യേകതയുണ്ട്.
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആര്‍സിബിയോട് രാജസ്ഥാന്‍ റോയല്‍സ് 11 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. ആര്‍സിബിയുടെ 205 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സിന് 20 ഓവറില്‍ 194-9 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റുമായി പേസര്‍ ജോഷ് ഹേസല്‍വുഡാണ് രാജസ്ഥാന്‍ റോയല്‍സിനെ എറിഞ്ഞിട്ടത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റോയല്‍സ് ചേസ് ചെയ്ത് തോല്‍വി രുചിക്കുന്നത്. ആര്‍സിബിക്കെതിരെ അവസാന രണ്ടോവറില്‍ 18 റണ്‍സ് മതിയായിരുന്നിട്ടും രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുകയായിരുന്നു. 19-ാം ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി ഇരട്ട വിക്കറ്റുമായി ഹേസല്‍വുഡാണ് കളി തിരിച്ചത്. ഈ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടത്.
Read more: സിംപിളായി ജയിക്കേണ്ട മത്സരങ്ങളെല്ലാം കൂളായി തോല്‍ക്കുന്നു; ക്ലാസിക് ദുരന്തമായി രാജസ്ഥാന്‍ റോയല്‍സ്