അടുക്കളയിൽ ഈർപ്പം തങ്ങി നിൽക്കുന്നുണ്ടോ? ഭക്ഷണം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
വേനൽക്കാലം എത്തിയതോടെ സഹിക്കാൻ കഴിയാത്ത ചൂടാണ് പുറത്ത്. വീടിനുള്ളിൽ അതിലും വലിയ ചൂട് അനുഭവപ്പെടാറുണ്ട്. ചൂടുകാലങ്ങളിൽ അടുക്കളയിൽ നിന്നും ജോലി ചെയ്യുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഗ്യാസ് അടുപ്പിൽ നിന്നുമുള്ള ചൂടും പുകയും അടിഞ്ഞുകൂടി അടുക്കളയിൽ പാചകം ചെയ്യാൻ കഴിയാത്ത വിധത്തിലേക്ക് എത്തുന്നു. പ്രത്യേകിച്ചും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ ചൂടേറ്റ് ഈർപ്പമുണ്ടാകാനും സാധനങ്ങൾ കേടുവരാനും സാധ്യതയുണ്ട്. ഇതിൽ നിന്നും മോചനം ലഭിക്കാൻ നിങ്ങൾ ഇത്രയും മാത്രം ചെയ്താൽ മതി.
അടുക്കളയിൽ ഈർപ്പം തങ്ങി നിൽക്കുന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കും?
1. സൂക്ഷിച്ച് വെച്ചിരിക്കുന്ന ഭക്ഷണ വസ്തുക്കളിൽ നിന്നും ഈർപ്പം ഉണ്ടാവുക
2. സാധനങ്ങളിൽ പൂപ്പൽ പിടിക്കുക
3. അടച്ച് വെച്ച പാത്രങ്ങൾ തുറക്കാനുള്ള ബുദ്ധിമുട്ട്
4. ദുർഗന്ധം ഉണ്ടാവുക
5. അധികമായി ചെറുപ്രാണികൾ വരുക
അടുക്കളയിൽ ഉണ്ടാകുന്ന ഈർപ്പത്തെ എങ്ങനെ തടയാൻ സാധിക്കും
ശരിയായ രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചാൽ ഈർപ്പത്തിൽ നിന്നും രക്ഷ നേടാൻ സാധിക്കും. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിയാം.
വായു കടക്കാത്ത പാത്രങ്ങൾ
അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ നല്ല ഗുണമേന്മയുള്ള വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷണ സാധനങ്ങളിൽ ഈർപ്പമുണ്ടാകുന്നതിനെ തടയുകയും ഭക്ഷണങ്ങൾ ഫ്രഷായിരിക്കാനും സഹായിക്കുന്നു.
വായു സഞ്ചാരം ഉണ്ടാകണം
ചൂടുകാലങ്ങളിൽ അടുക്കളയിൽ ആവി തങ്ങി നിൽക്കുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കാൻ ചിമ്മിനി അല്ലെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ സ്ഥാപിക്കുന്നത് നല്ലതായിരിക്കും. കൂടാതെ അടുക്കളയിൽ നല്ല രീതിയിലുള്ള വായു സഞ്ചാരവും ഉണ്ടായിരിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാൻ കഴിയും.
പാചകം
പാചകം ചെയ്യുന്ന സമയത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അടുക്കളയിൽ ചൂട് കൂടുന്ന സാഹചര്യം ഒഴിവാക്കാനാവും. ഉച്ച സമയങ്ങൾ ഒഴിച്ച് രാവിലെയോ വൈകുന്നേരമോ പാചകം ചെയ്യുന്നതാണ് നല്ലത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടുക്കളയിൽ ഈർപ്പമുണ്ടാകുന്നത് തടയാൻ സാധിക്കും.