തിരുവനന്തപുരം: പുതുക്കാട്‌ – ഇരിങ്ങാലക്കുട സെക്‌ഷനിൽ 18, 19 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി. സൗത്ത്‌, സെൻട്രൽ, നോർത്ത്‌ സോണൽ ഓഫീസുകളോട്‌ ക്രമീകരണം നടത്താൻ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ നിർദേശിച്ചു.  

18ന്‌ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ റദ്ദാക്കിയതും മംഗളൂരു സെൻട്രലിൽ നിന്ന്‌ പുറപ്പെടുന്ന മംഗളൂരു – തിരുവനന്തപുരം സെൻട്രൽ  പ്രതിദിന എക്‌സ്‌പ്രസ്‌ ഏഴുമണിക്കൂറും  വൈകി ഓടുന്ന സാഹചര്യത്തിൽ ഈ റൂട്ടിൽ കടുത്ത യാത്രാപ്രതിസന്ധിയുണ്ടാക്കുമെന്ന്‌ ആശങ്ക ഉയർന്നിരുന്നു.
എറണാകുളം ജങ്‌ഷൻ – ഷൊർണൂർ ജങ്‌ഷൻ മെമു, എറണാകുളം ജങ്‌ഷൻ–ഗുരുവായൂർ എക്‌സ്‌പ്രസ്‌ എന്നിവ ശനിയാഴ്‌ചയും ഞായറാഴ്‌ച തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌, ഷൊർണൂർ ജങ്‌ഷൻ– എറണാകുളം ജങ്‌ഷൻ മെമു എക്‌സ്‌പ്രസ്‌, ഗുരുവായൂർ– എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌, എറണാകുളം ജങ്‌ഷൻ – കോട്ടയം എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ, കോട്ടയം–-എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്‌.
ശനിയാഴ്‌ച മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌ ഷൊർണൂർ ജങ്‌ഷൻ വരെ മാത്രമായിരിക്കും. ഈ ട്രെയിൻ ഞായറാഴ്‌ച ഷൊർണൂരിൽ നിന്നാണ്‌ മംഗളൂരു സെൻട്രലിലേക്ക്‌ പുറപ്പെടുക. നിരവധി ദീർഘ, ഹ്രസ്വദൂര ട്രെയിനുകൾ ഭാഗികമായാണ്‌ ഈ ദിവസങ്ങളിൽ സർവീസ്‌ നടത്തുന്നത്‌. ഇത്‌ വൻ യാത്രാപ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ്‌ സൂചന. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം.

By admin

Leave a Reply

Your email address will not be published. Required fields are marked *