സ്റ്റുഡന്റ് വിസ റദ്ദാക്കി, ഒപിടി പ്രോഗ്രാമിനും ഭീഷണി; അമേരിക്കയിൽ പഠിക്കാൻ മടിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ

ദില്ലി: അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയിൽ പഠിക്കാൻ മടിക്കുന്നതായി റിപ്പോർട്ട്. യുഎസ് സ്റ്റുഡന്റ് വിസ റദ്ദാക്കൽ, സ്റ്റുഡൻ്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ (SEVIS) നിന്ന് സ്റ്റുഡന്റ് റെക്കോർഡ്സ് ഇല്ലാതാക്കൽ തുടങ്ങിയ നടപടികളിൽ വിദ്യാർത്ഥി സമൂഹവും മാതാപിതാക്കളും ഒരുപോലെ ആശങ്കയിലാണ്. കൂടാതെ, പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് യുഎസിൽ ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒപിടി) പ്രോഗ്രാം ട്രംപ് ഭരണകൂടം നിർത്തലാക്കാൻ സാധ്യതയുമുണ്ട്.

‘വിസ കാലതാമസം, സുരക്ഷ, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ ഘടകങ്ങൾ ചൂണ്ടിക്കാട്ടി 42% അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയെ പരിഗണിക്കാൻ സാധ്യത കുറവാണെന്ന് വിവിധ സർവേകളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അമേരിക്ക ഇപ്പോഴും വിദ്യാർത്ഥികളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ ഭാവിയെ കുറിച്ചും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വെല്ലുവിളികളെ കുറിച്ചും കൂടുതൽ ബോധവാന്മാരാണ്. കൂടാതെ മുമ്പത്തേക്കാൾ കൂടുതൽ ശ്രദ്ധാപൂർവ്വം അവർ വിവിധ ഓപ്ഷനുകൾ താരതമ്യം ചെയ്യുന്നുണ്ട്’. വൺസ്റ്റെപ്പ് ഗ്ലോബലിന്റെ സ്ഥാപകയും ഡയറക്ടറുമായ അരിത്ര ഘോഷാൽ പറഞ്ഞു.

വിദേശ പഠനങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വളരെ വിശാലമായ കാഴ്ചപ്പാടുണ്ട്. ജർമ്മനി, ഫ്രാൻസ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ അവരുടെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ, മികച്ച കുടിയേറ്റ നയങ്ങൾ, തൊഴിൽ വിപണികൾ എന്നിവയാൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ജർമ്മനിയിൽ എഞ്ചിനീയറിംഗ്, അപ്ലൈഡ് സയൻസസ് മേഖലകളിൽ ട്യൂഷൻ ഫീസ് വളരെ കുറവാണ്. ബിസിനസ്സ്, ഡിസൈൻ, ആരോഗ്യ സംരക്ഷണ സംബന്ധിയായ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഫ്രാൻസ് മികച്ച ഓപ്ഷനുകളാണ് വാ​ഗ്ദാനം ചെയ്യുന്നത്. സാങ്കേതികവിദ്യയിലും ലൈഫ് സയൻസസിലും അയർലൻഡ് മികച്ചുനിൽക്കുന്നു. 

ജർമ്മൻ അക്കാഡമിക് എക്സ്ചേഞ്ച് സർവീസിന്റെ (DAAD) കണക്കുകൾ പ്രകാരം നിലവിൽ ഏകദേശം 4,05,000 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ജർമ്മൻ സർവകലാശാലകളിൽ ചേർന്നിട്ടുണ്ട്. ജർമ്മൻ സർവകലാശാലകളിലെ വിദേശ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഏകദേശം 50,000 ഇന്ത്യക്കാരാണ് ഇത്തരത്തിൽ ജർമ്മൻ സർവകലാശാലകളിൽ പഠിക്കുന്നതെന്നാണ് ഏകദേശ കണക്ക്. ജർമ്മനി, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, അയർലൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും അപേക്ഷകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. താങ്ങാനാവുന്നതോ സൗജന്യമോ ആയ ട്യൂഷൻ ഫീസും മികച്ച എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും കാരണം 2022നും 2024നും ഇടയിൽ ജർമ്മനിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 68% വർദ്ധനവ് ഉണ്ടായെന്ന് അരിത്ര ഘോഷാൽ ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ 354% വർദ്ധനവ് ഉണ്ടായതോടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാകർഷിക്കുകയാണ് ന്യൂസിലൻഡ്. പഠനാനന്തര വർക്ക് വിസ നയങ്ങളിലെ മാറ്റങ്ങളും ഐടി, ആരോഗ്യ സംരക്ഷണം, ബിസിനസ്സ് എന്നിവയിലെ ബിരുദധാരികൾക്കുള്ള മികച്ച തൊഴിലവസരങ്ങളുമാണ് ഈ വർധനവിന് പ്രധാന കാരണം. യുഎസിനെയും യുകെയെയും അപേക്ഷിച്ച് ന്യൂസിലൻഡ് കൂടുതൽ സുരക്ഷിതമാണെന്ന് വിദ്യാർത്ഥികൾ കരുതുന്നു. ധനകാര്യം, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളെയാണ് പരി​ഗണിക്കുന്നത്. കാനഡ ഇപ്പോഴും ജനപ്രിയമാണെങ്കിലും വിസ പ്രോസസ്സിംഗ് വൈകുന്നതും ഭവന ക്ഷാമവും മൂലം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇത് നിരവധി വിദ്യാർത്ഥികളെ യൂറോപ്പിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുകയാണ്.

‘റഷ്യ ഉൾപ്പെടെയുള്ള ഇതര ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതലായി ആലോചിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024ൽ റഷ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 33.7% വർദ്ധിനവാണ് രേഖപ്പെടുത്തിയത്. 2022 മുതൽ 2024 വരെ ജർമ്മനിയിലെ വിദ്യാർത്ഥികളുടെ എണ്ണം 68% വർദ്ധിച്ചിട്ടുണ്ട്. ഫ്രാൻസിൽ, 2022 മുതൽ 2024 വരെ വിദ്യാർത്ഥികളുടെ എണ്ണം 33% വർദ്ധിച്ചു. ഇതേ കാലയളവിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 354% വർദ്ധിന രേഖപ്പെടുത്തിയ ന്യൂസിലാൻഡിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്’. ഇൻഫിനിറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ബത്ര പറഞ്ഞു.

READ MORE: കശ്മീര്‍ യാത്ര ഒഴിവാക്കിയില്ല; ദാൽ തടാകത്തിൽ ധൈര്യപൂര്‍വം ബോട്ടിംഗ് നടത്തി യുവതി, വീഡിയോ

By admin