രാജ്യത്തെ കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണം, ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ; സർവകക്ഷി യോഗം

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേര്‍ന്ന സര്‍വകക്ഷി യോഗം സമാപിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാൻ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരി സെയ്ദ് ആദിൽ ഹുസൈൻ ഷായ്ക്ക് സര്‍വകക്ഷി യോഗം ആദരം അര്‍പ്പിച്ചു.

സംസ്ഥാനത്തിന് പുറത്തുള്ള ജമ്മു കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തിൽ ഉയര്‍ന്നു. 
കശ്മീരിലെ സമാധാനവും ഐക്യവും തര്‍ക്കാനുള്ള ഹീനമായ പ്രവര്‍ത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും സര്‍വകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയിൽ പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ഒറ്റക്കെട്ടായി ഉയര്‍ന്ന പ്രതിഷേധത്തെയും സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാര്‍ത്ഥികളെയും മറ്റു കശ്മീരികളെയും സംരക്ഷിക്കാൻ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറ‍ഞ്ഞു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ശ്രീനഗറിൽ സര്‍വകക്ഷി യോഗം നടന്നത്. പ്രധാനപ്പെട്ട എല്ലാ പാർട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാൻ അനുവദിക്കരുതെന്നും വിനോദ സഞ്ചാരികൾ ഇനിയും കശ്മീരിലേക്ക് വരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു. 

ഇതിനിടെ, പാര്‍ലമെന്‍റിൽ സര്‍വകക്ഷി യോഗം ആരംഭിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികള്‍ വിശദീകരിച്ചു. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും പ്രതിപക്ഷ നേതാക്കളും സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

By admin