പുതിയ വീഡിയോ നിർമ്മാണ ആപ്പ് പുറത്തിറക്കി മെറ്റാ, അറിയാം സവിശേഷതകൾ!
മെറ്റ ഒരു പുതിയ വീഡിയോ നിർമ്മാണ ആപ്പ് പുറത്തിറക്കി. മെറ്റ എഡിറ്റ്സ് എന്ന പുതിയ ആപ്പാണ് പുറത്തിറക്കിയത്. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, ഉപയോക്താക്കളെ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് വീഡിയോകൾ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും അനുവദിക്കുന്നു. ഈ പുതിയ ക്രിയേറ്റർ ടൂൾ എല്ലാം ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവന്ന് വീഡിയോ എഡിറ്റിംഗിന്റെ സങ്കീർണ്ണത കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്ന് മെറ്റ പറയുന്നു.
ക്യാമറ കിടിലൻ, ബാറ്ററി ലൈഫാണെങ്കിലോ കിക്കിടിലൻ, മൊബൈൽ പ്രേമികളെ അമ്പരപ്പിക്കാൻ റിയൽമി ജിടി 7എത്തി
ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ മാത്രമല്ല, എല്ലാ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ നിർമ്മാണത്തെ ഈ ആപ്പ് പിന്തുണയ്ക്കുന്നു എന്നാണ് മെറ്റ പറയുന്നത്. എഡിറ്റ്‍സിലൂടെ വീഡിയോ നിർമ്മാണത്തിന്റെ മുഴുവൻ പ്രക്രിയയും ലളിതമാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. ചിത്രീകരണം, എഡിറ്റിംഗ്, അപ്‌ലോഡിംഗ് എന്നിവയ്ക്കായി ഒന്നിലധികം ആപ്പുകൾ മാറി മാറി ഉപയോഗിക്കേണ്ട സ്ഥിതി ഈ പുതിയ ആപ്പ് ഇല്ലാതാക്കുന്നുവെന്നും മെറ്റ പറയുന്നു.
ഇൻസ്റ്റാഗ്രാമിന്റെ ബിൽറ്റ്-ഇൻ എഡിറ്റിംഗ് ടൂളുകളിൽ നിന്ന് വ്യത്യസ്തമായി, എഡിറ്റ്സ് ഒരു പ്രത്യേക ആപ്ലിക്കേഷനായി പ്രവർത്തിക്കുന്നു. കൂടാതെ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് ഉൾപ്പെടെ ഏത് പ്ലാറ്റ്‌ഫോമിലെയും വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഇത് ഉപയോഗിക്കാം. എങ്കിലും, ഉപയോക്താക്കൾ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. എഡിറ്റിംഗ് പ്രക്രിയ ലളിതമാക്കുന്നതിന്, മൊബൈൽ ഉപകരണങ്ങളിലെ വീഡിയോ നിർമ്മാണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ബിൽറ്റ്-ഇൻ സവിശേഷതകൾ എഡിറ്റ്സ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോകൾ മെറ്റാ പ്ലാറ്റ്‌ഫോമിൽ നേരിട്ട് പങ്കിടുകയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നതിനായി വാട്ടർമാർക്ക് ഇല്ലാതെ തന്നെ എക്‌സ്‌പോർട്ട് ചെയ്യുകയോ ചെയ്യാം.
എഡിറ്റിംഗ് സ്യൂട്ടിൽ ക്ലിപ്പ്-ലെവൽ ട്രിമ്മിംഗ്, ടൈംലൈൻ ഇന്റർഫേസ്, ഓട്ടോ എൻഹാൻസ്‌മെന്റ് ടൂളുകൾ, ഗ്രീൻ സ്‌ക്രീൻ, ട്രാൻസിഷനുകൾ പോലുള്ള ക്രിയേറ്റീവ് ഇഫക്‌റ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. സ്‍കിപ്പ് റേറ്റുകൾ പോലുള്ള മെട്രിക്കുകളെക്കുറിച്ചുള്ള തത്സമയ ഫീഡ്‌ബാക്ക് ആണ് ആപ്പിന്റെ മറ്റൊരു സവിശേഷത. നിലവിലെ പതിപ്പിൽ ധാരാളം സവിശേഷതകൾ ഉണ്ടെങ്കിലും വരാനിരിക്കുന്ന നിരവധി അപ്‌ഗ്രേഡുകളും മെറ്റയ്ക്ക് ഉണ്ട്. എഡിറ്റർമാർക്ക് വേഗതയിലും ഇഫക്റ്റുകളിലും നിയന്ത്രണം നൽകുന്നതിനായി കീഫ്രെയിമുകൾ ചേർക്കുന്നതും വീഡിയോയുടെ ഡിസൈൻ വേഗത്തിൽ മാറ്റുന്നതിനുള്ള എഐ അധിഷ്ഠിത ടൂളുകളും ഇതിൽ ഉൾപ്പെടുന്നു.