ചര്‍ച്ചകൾ ഫലം കണ്ടു; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നു
ദില്ലി: അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര വീണ്ടും തുടങ്ങുന്നു. 2020ൽ കോവിഡ് മഹാമാരിയെയും ഇന്ത്യയും ചൈനയും തമ്മിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളെയും തുടര്‍ന്ന് നിര്‍ത്തിവെച്ച തീര്‍ത്ഥാടന യാത്ര ഈ വര്‍ഷം ജൂണിൽ പുനരാരംഭിക്കും. മാനസരോവര്‍ യാത്ര ജൂൺ 30 ന് പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
ഈ വർഷം 250 തീർത്ഥാടകർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. 50 പേർ വീതമുള്ള അഞ്ച് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും യാത്ര. ആദ്യ സംഘം ജൂലൈ 10 ന് ലിപുലേഖ് പാസ് വഴി ചൈനയിലേക്ക് കടക്കും. അവസാന സംഘം ഓഗസ്റ്റ് 22 ന് ഇന്ത്യയിലേക്ക് മടങ്ങുന്ന രീതിയിലാണ് ക്രമീകരണം. സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിലാണ് മാനസരോവര്‍ സ്ഥിതിചെയ്യുന്നത്.
ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ചര്‍ച്ചകൾക്ക് ശേഷമാണ് മാനസരോവര്‍ യാത്ര പുന:രാംഭിക്കാൻ തീരുമാനമായത്. ഉത്തരാഖണ്ഡ് സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും ചേര്‍ന്നാണ് യാത്ര സംഘടിപ്പിക്കുന്നത്. ദില്ലിയിൽ നിന്ന് ആരംഭിച്ച് പിത്തോറഗഡിലെ ലിപുലേഖ് പാസ് വഴിയായിരിക്കും ഈ വര്‍ഷത്തെ യാത്ര നടത്തുക. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെയധികം ആത്മീയ പ്രാധാന്യമുള്ളതാണ് ടിബറ്റിലെ കൈലാസ പർവ്വതം. മാനസരോവറിലെത്താൻ ചൈനയിലൂടെ ഏറെ വെല്ലുവിളി നിറഞ്ഞ യാത്ര ആവശ്യമാണ്.
READ MORE: പടികൾ കൊത്തിയ പാറ, ജീവൻ പണയം വെച്ചുള്ള ട്രെക്കിംഗ്; കേരളത്തിലുണ്ട് ഒരു ‘മിനി ഹരിഹര്‍ ഫോര്‍ട്ട്’