പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാന്‍റെ പങ്ക്, യുഎസ്, യുകെ, റഷ്യ രാജ്യങ്ങളോട് വിശദീകരിച്ച് ഇന്ത്യ

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തിൽ എത്തിയത്.

പഹൽഗാം ഭീകരാക്രമണം; സിന്ധു നദീജല കരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ, ‘തിരിച്ചടിയുണ്ടാകും’

അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ പാകിസ്ഥാനും നടപടികൾ പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിർത്തി അടയ്ക്കും, ഇന്ത്യൻ പൗരന്മാർക്കുള്ള വിസ മരവിപ്പിച്ചു, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തലാക്കിയെന്നും പാക്കിസ്ഥാൻ അറിയിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കൗൺസിൽ യോ​ഗത്തിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ നീക്കം പ്രഖ്യാപിച്ചത്. ഇന്നലെ ഇന്ത്യ, സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് പാകിസ്ഥാനും നടപടികൾ പ്രഖ്യാപിച്ചത്. 

അതേസമയം പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കറും കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിമാർ രാഷ്ട്രപതിയോട് വിശദീകരിച്ചു. കരസേനാ മേധാവി നാളെ ശ്രീനഗർ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗർ സന്ദർശിക്കുന്നത്. നേരത്തെ പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin