ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാൻ. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സിന്ദു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്ഥാനും നടപടിയുമായി രംഗത്തെത്തി. ഇന്ത്യൻ പൗരന്മാര്ക്കുള്ള വീസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്റെ വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും പാകിസ്ഥാൻ തീരുമാനിച്ചു. വാഗ അതിർത്തി അടയ്ക്കും. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മറുപടി നൽകിയത്. ഇന്നലെ ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു.
അതേസമയം, പഹൽഗാം ആക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചു. യുഎസ്, യുകെ, റഷ്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരാണ് വിദേശകാര്യമന്ത്രാലയത്തിൽ എത്തിയിരിക്കുന്നത്. വിവിധ നയതന്ത്രപ്രതിനിധികളെ വിളിച്ച് ഇന്ത്യ ഇക്കാര്യം വിശദീകരിക്കുകയായിരുന്നു. കരസേനാ മേധാവി നാളെ ശ്രീനഗർ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗർ സന്ദർശിക്കുന്നത്.