മുംബൈ: ഏറെക്കാലമായി കാത്തിരുന്ന ആക്ഷൻ കോമഡി ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇല്യ നൈഷുള്ളർ സംവിധാനം ചെയ്യുന്ന ഈ ഹോളിവുഡ് ചിത്രത്തിൽ പ്രിയങ്ക ചോപ്ര, ജോൺ സീന, ഇദ്രിസ് എൽബയും, ജാക്ക് ക്വയ്ഡ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ശത്രുതാപരമായ പ്രദേശത്ത് കുടുങ്ങിപ്പോകുന്ന യുഎസ് പ്രസിഡന്റിനെയും യുകെ പ്രധാനമന്ത്രിയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഈ രണ്ട് ലോക നേതാക്കളെയും രക്ഷിക്കാനും ഒരു ആഗോള ഗൂഢാലോചന പൊളിക്കുന്ന ദൗത്യവുമായി എംഐ 6 ഏജന്റായി പ്രിയങ്ക ചോപ്ര എത്തുന്നു.
ചിത്രത്തിന്റെ ട്രെയിലർ ബുധനാഴ്ചയാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. സിനിമ ഹീറോയില്‍ നിന്നും യുഎസ് പ്രസിഡന്റായ കഥാപാത്രമായി ജോൺ സീനയും, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇദ്രിസ് എൽബയും അഭിനയിക്കുന്നു. അവരുടെ വിമാനം ആകാശത്ത് ആക്രമിക്കപ്പെടുന്നതാണ് ട്രെയിലറില്‍ ആദ്യം. തങ്ങൾ ആക്രമിക്കപ്പെടുകയാണ് എന്ന് മനസിലായതോടെ യുഎസ് പ്രസിഡന്റും യുകെ പ്രധാനമന്ത്രിയും ഒന്നിച്ച് ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഇറങ്ങുന്നു.
ഇവരെ രക്ഷിക്കാനും സുരക്ഷിതരാക്കാനുമായി ഏജന്റായ പ്രിയങ്ക ചോപ്രയും എത്തുന്നു. ബോയ്സ് പോലുള്ള സീരിസുകളിലൂടെ ശ്രദ്ധേയനായ ജാക്ക് ക്വയ്ഡ് സിനിമയില്‍ ഒരു സുപ്രധാന റോളില്‍ എത്തുന്നുണ്ട്. ചിത്രം ഒരു ആക്ഷന്‍ കോമഡി എന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നോബഡി പോലുള്ള ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഇല്യ നൈഷുള്ളർ.
ഹെഡ്സ് ഓഫ് സ്റ്റേറ്റ് ചിത്രത്തില്‍ പാഡി കോൺസിഡൈൻ, സ്റ്റീഫൻ റൂട്ട്, കാർല ഗുഗിനോ, ജാക്ക് ക്വയ്ഡ്, സാറാ നൈൽസ് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2021-ൽ പുറത്തിറങ്ങിയ ദി സൂയിസൈഡ് സ്ക്വാഡ് (2021) ന് ശേഷം ജോൺ സീനയും ഇഡ്രിസ് എൽബയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഹെഡ്സ് ഓഫ് സ്റ്റേറ്റ് ജൂലൈ 2 ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ പ്രൈം വീഡിയോയിൽ ഒടിടി റിലീസായാണ് എത്തുന്നത്.
ഇതിനുപുറമെ, എസ്എസ് രാജമൗലിയുടെ വരാനിരിക്കുന്ന എസ്എസ്എംബി29 എന്ന ചിത്രത്തിലും മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര അഭിനയിക്കും. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവാണിത്. അതേ സമയം ദി ബ്ലഫ്, സിറ്റാഡൽ സീസൺ 2, ക്രിഷ് 4 എന്നീ ചിത്രങ്ങളിലും പ്രിയങ്ക പ്രധാന വേഷത്തില്‍ എത്തും എന്നാണ് വിവരം.
മാര്‍വലിന്റെ പുതിയ ടീം, ഫെന്റാസ്റ്റിക് ഫോര്‍ ട്രെയിലര്‍ പുറത്ത്; വില്ലന്‍ ആരാകും?
തണ്ടർബോൾട്ട്സ് ആദ്യ പ്രതികരണങ്ങൾ: എംസിയുവിന്റെ മികച്ച ചിത്രമോ?