നിക്ഷേപകർക്ക് വമ്പൻ അവസരം നൽകി എസ്‌ബിഐ; അവസാനിപ്പിച്ച ഈ പദ്ധതി വീണ്ടും അവതരിപ്പിച്ചു
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്‌ബിഐ അമൃത് വൃഷ്ടിയിൽ നിക്ഷേപിക്കാൻ വീണ്ടും അവസരം ഒരുങ്ങുന്നു. 2025 മാർച്ച് 31 ന് ഈ പദ്ധതി അവസാനിച്ചിരുന്നു. എന്നാൽ ഇത് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് എസ്‌ബിഐ.
എന്താണ് അമൃത് വൃഷ്ടി?
പരിമിതകാല സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് വൃഷ്ടി ജൂലൈ 16 നാണ് എസ്ബിഐ ആരംഭിച്ചത്. 444 ദിവസത്തെ കാലാവധിയുള്ള പദ്ധതി പ്രകാരം സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് പ്രതിവർഷം 7.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കുള്ള പലിശ 7.75% ആണ്. മറ്റൊരു പ്രത്യേകത, ഈ സ്കീമിൽ നിക്ഷേപകർക്ക് അവരുടെ എഫ്ഡിയിൽ നിന്ന് വായ്പയും ലഭിക്കും. പ്രവാസികളായ ഇന്ത്യക്കാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ അവസരമുണ്ട്.
എസ്ബിഐ അമൃത് വൃഷ്ടി സ്‌കീമിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. അതേസമയം ഉയർന്ന തുകയ്ക്ക് പരിധിയില്ല. അകാല പിൻവലിക്കലുകൾ നടത്തുകയാണെങ്കിൽ പിഴ നൽകേണ്ടതായി വരും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50% പിഴ.നൽകേണ്ടതായി വരും. 5 ലക്ഷം രൂപയ്ക്ക് മുകളിലും 3 കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾ: 1% പിഴ.നല്കണം. കൂടാതെ ഏഴ് ദിവസത്തിന് മുമ്പ് പിൻവലിക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ നൽകില്ല. എന്നിരുന്നാലും, എസ്ബിഐ ജീവനക്കാരെയും പെൻഷൻകാരെയും പിഴകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ അവർക്ക് നിക്ഷേപത്തിൻ്റെ യഥാർത്ഥ കാലാവധിക്ക് ബാധകമായ പലിശ ലഭിക്കും.