ദേഹം മുഴുവന്‍ പടരുന്ന ചോര, ഒരൊറ്റ മുറിവും കാണാനുമില്ല; ശരിക്കും, പ്രണയം ഒരര്‍ബുദമാണോ?

ദേഹം മുഴുവന്‍ പടരുന്ന ചോര, ഒരൊറ്റ മുറിവും കാണാനുമില്ല; ശരിക്കും, പ്രണയം ഒരര്‍ബുദമാണോ?

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

ദേഹം മുഴുവന്‍ പടരുന്ന ചോര, ഒരൊറ്റ മുറിവും കാണാനുമില്ല; ശരിക്കും, പ്രണയം ഒരര്‍ബുദമാണോ?

രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!

പ്രണയം ആനന്ദമാക്കുന്ന രണ്ടു പേര്‍

പ്രണയത്തില്‍ ഹംസങ്ങള്‍ക്കുമുണ്ട് ഒരിടം!
………………..

 

മനസ്സ് കീഴ്‌മേല്‍ മറിയുന്ന ചില അവസരങ്ങളുണ്ട്. എല്ലാറ്റില്‍ നിന്നും വിട്ട് എവിടേയ്‌ക്കെങ്കിലും ഓടിയൊളിക്കാന്‍ തോന്നും അന്നേരം. അങ്ങനെയുള്ളപ്പോഴാണ് ഡോ. ബിന്ദുവിനെ തേടി പോവുന്നത്. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, ഡോക്ടര്‍ എന്റെ കുമ്പസാരക്കൂടാണെന്ന്. കുറേ നാളത്തെ ഭാരം ഇറക്കിവയ്ക്കുമ്പോള്‍ വല്ലാത്തൊരാശ്വാസം വന്ന് പൊതിയും. 

അങ്ങനെയൊരു ദിവസമാണ് ശ്രീദേവിയെ കാണുന്നത്. കണ്‍സള്‍ട്ടേഷന്‍ ഇല്ലാത്ത ദിവസം എന്നെപ്പോലെ തന്നെ ഡോ. ബിന്ദുവിനെ കാണാന്‍ സ്വാതന്ത്ര്യമുള്ള ഒരാള്‍. മടിച്ചു മടിച്ചാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്. പക്ഷേ ചില മനുഷ്യരെ പരിചയപ്പെടുമ്പോള്‍ എന്തോ ഒരു ജന്മബന്ധം തോന്നിപ്പോവും. ഇത്രനാള്‍ ഇവര്‍ എന്നില്‍ നിന്ന് മാറി നടന്നത് എന്തിനായിരുന്നുവെന്ന് തോന്നും. ശ്രീദേവിയോട് മിണ്ടി തുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചതും ഇതായിരുന്നു. എന്തേ ഇവരെ ഞാനിതുവരെ കണ്ടുമുട്ടിയില്ല? ശ്രീദേവി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അറിയാതെ മൂളിപ്പോയി…

‘ഏതോ ജന്മബന്ധം നിന്നില്‍ കണ്ടു ഞാന്‍…’ 

‘അമേരിക്ക അമേരിക്ക’ എന്ന ചിത്രത്തിലെ ആര്‍ദ്രപ്രണയഗാനം. ബിച്ചു തിരുമലയുടെ രചന, ശ്യാമിന്റെ സംഗീതം. ആ ഗാനത്തിന് ആ രംഗത്ത് പ്രസക്തിയുണ്ടോയെന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല.

ശ്രീദേവി പോയിക്കഴിഞ്ഞപ്പോള്‍ ഡോ.ബിന്ദുവാണ് അവരുടെ കഥ പറഞ്ഞത്:

”ബാംഗ്ലൂരില്‍ ഒരു ദേശസാല്‍കൃത ബാങ്കിന്റ റീജിയണല്‍ ഹെഡാണ് ശ്രീദേവി.  റിട്ടയര്‍ ചെയ്യാന്‍ മാസങ്ങള്‍ മാത്രം. പ്രായം അറുപതിനോടടുക്കുന്നുവെന്നത് വിശ്വസിക്കാനായില്ല. നാല്‍പ്പത്തിയഞ്ചിനപ്പുറം പറയത്തില്ല.  മകളുടെ വിവാഹമാണ് അടുത്ത മാസം. ഇളയ മകന്‍ വിദേശത്ത് പിജി ചെയ്യുന്നു. ഭര്‍ത്താവ് കേന്ദ്ര ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു.”

……………….

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

………………………

ഞാന്‍ ഡോക്ടറുടെ മുഖത്ത് കണ്ണുനട്ടിരുന്നു. കാതുകളില്‍ ഒരു പ്രണയകഥ പതുക്കെ ഇതള്‍വിരിഞ്ഞു.   

ശ്രീദേവിയുടെ നാല്‍പ്പതുകളിലാണ് അവന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അവളേക്കാള്‍ എട്ട് വയസ്സ് താഴെയായിരുന്നു അവന്റെ പ്രായം. വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായിരുന്നു അവനപ്പോള്‍. അവള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയും. അക്കാലത്ത്, ബാങ്കിനടുത്തുള്ള ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു അവള്‍. കാണാന്‍ അതീവ സുന്ദരിയായ, രണ്ട് കുട്ടികളുടെ അമ്മയായ അവളോട് അയലത്തെ ചെറുപ്പക്കാരന് തോന്നിയ ഒരാരാധന. അന്നവന്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. പതിയെ പതിയെ അവന്റെ മനസില്‍ അത് പ്രണയമായി മാറി. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച അവളെ അവനതിലേക്ക് വലിച്ചിടുകയായിരുന്നുവെന്നാണ് അവള്‍ പറഞ്ഞത്.

നാട്ടിലേക്കുള്ള യാത്രയില്‍ അവന്‍ ശ്രീദേവിക്കൊപ്പം ട്രെയിനില്‍ കയറും. രണ്ട് ദിവസം അവിടൊക്കെ കറങ്ങി തിരിഞ്ഞ് അവള്‍ക്കൊപ്പം മടക്കയാത്ര. ഭാര്യയോട് തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞാണ് മുങ്ങുക. ഒരു രാത്രി മുഴുവന്‍ ട്രെയിനില്‍ ഉറങ്ങാതെ ഒരുമിച്ചുള്ള യാത്ര. അത് പതിവായി. ഭര്‍ത്താവിനെയും കുട്ടികളെയും മറന്നുള്ള യാത്രകളുുടെ തുടക്കം അവിടുന്നായിരുന്നു. പ്രായവ്യത്യാസമൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. ഒരുപക്ഷേ അതായിരിക്കാം മറ്റുള്ളവരില്‍ നിന്നും അവരുടെ ബന്ധം മറച്ചുപിടിക്കാന്‍ അവര്‍ക്ക് സാധിച്ചതും. ഒഴിഞ്ഞുമാറാന്‍ ഒത്തിരി ശ്രമിച്ചതാണ്. ആഗ്രഹിച്ചതാണ്. പക്ഷേ, എപ്പോഴോ കാലിടറിയ അവള്‍ക്ക് അവനൊപ്പം ഒഴുകുകയേ വേണ്ടിയിരുന്നുള്ളൂ.

ഡോ. ബിന്ദു പറഞ്ഞുകൊണ്ടിരിക്കെ, ഉള്ളില്‍ പഴയ ആ പാട്ടിന്റെ ഈണം തുളുമ്പിവന്നു. 

പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍
ഓളങ്ങള്‍ തന്‍ ഏതോ തേരില്‍..
പകലറിയാതിരവറിയാതൊ-
ഴുകുകയല്ലോ, അലയുകയല്ലോ

 

…………………………

ഡിസംബറിലെ രണ്ടാം ശനിയാഴ്ച, അയാളെത്തേടി ഒരു അതിഥി എത്തി, അവള്‍!

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍’,

പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍…

Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!

Also Read:  നഷ്ടപ്പെട്ട കാമുകന്‍ തൊട്ടടുത്ത്, കളഞ്ഞ ജീവിതം കണ്‍മുന്നില്‍, എന്നിട്ടും എത്രയോ അകലെ പ്രണയം!
…………………..

 

റഫീക്ക് അഹമ്മദിന്റെ പ്രണയാര്‍ദ്ര വരികള്‍. ബിജിപാലിന്റെ സംഗീതം. വെള്ളത്തില്‍ വീണ്, രാത്രിയേത് പകലേതെന്നറിയാതെ ഒഴുകി നടക്കുന്ന പൂക്കള്‍ പോലെ പ്രണയികള്‍. അവരവരിലേക്ക് ചുരുങ്ങുന്ന പ്രണയശ്വാസങ്ങള്‍. എത്ര മനോഹരമായ കല്‍പന! 

ഞാനാ വരികള്‍ മൂളിയപ്പോള്‍, ആ പാട്ട് അവര്‍ക്കും പ്രധാനമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. 

അവരുടെ ബന്ധം തുടങ്ങിയ വര്‍ഷമാവണം, ആ പാട്ടുള്‍പ്പെടുന്ന  സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രദര്‍ശനത്തിനെത്തിയത്. അമ്മയുടെ സ്വാദും ചിരിയുമൊക്കെ അനുഭവിക്കാനായി പാചകം ഹോബിയാക്കിയ ‘സാള്‍ട്ട് ആന്റ് പെപ്പറി’ലെ ശ്വേതയുടെ കഥാപാത്രത്തല്‍ ഒരു മാത്ര മനസ്സ് തടഞ്ഞു. 

”താനെങ്ങോട്ടാ പോയത്?’ എന്ന ചോദ്യത്തോടെ ഡോക്ടര്‍ തുടര്‍ന്നു;

”2014 ആയപ്പോഴേയ്ക്കും അവന് കോളേജധ്യാപകനായി സ്ഥിരനിയമനം ലഭിച്ചു. അവള്‍ ട്രാന്‍സ്ഫറായി കേരളത്തിന് പുറത്തായിരുന്നു അപ്പോള്‍. കൂടിക്കാഴ്ച വര്‍ഷത്തിലൊന്നോ രണ്ടോ തവണയായി ചുരുങ്ങി. അതോടെ അവന്‍ തന്നില്‍ നിന്നകലുന്നത് പോലെ അവള്‍ക്ക് തോന്നി. അവന്റെ മുന്‍ഗണനകള്‍ മാറിയത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്കാവില്ലായിരുന്നു. ജോലിയുടെ തിരക്കില്‍ പകല്‍ എങ്ങനെയൊക്കെയോ കടന്നുപോയിക്കൊണ്ടിരുന്നു. രാത്രികളില്‍ അവള്‍ക്ക് വല്ലാത്ത വീര്‍പ്പുമുട്ടലായിരുന്നു.. അവന്റെ അകല്‍ച്ച അവള്‍ക്ക് താങ്ങാനാവില്ലായിരുന്നു. അവന്റെ കാര്യത്തില്‍ അവള്‍ വല്ലാതെ സ്വാര്‍ത്ഥയായി തുടങ്ങിയിരുന്നു. അവന്‍ ആരോടും സംസാരിക്കുന്നതു കൂടി അവള്‍ക്കിഷ്ടമില്ലാണ്ടായി. അവനാണേല്‍ വിവാഹേതര ബന്ധത്തില്‍ വ്യവസ്ഥകള്‍ പാടില്ല എന്ന ചിന്താഗതിക്കാരനും. അവന്‍ അവളെ ഒഴിവാക്കുന്നതുപോലെ അവള്‍ക്ക് തോന്നിത്തുടങ്ങി. അവളുടെ പിന്നാലെ സ്‌നേഹത്തിനായി യാചിച്ചു നടന്നവനു മുന്നില്‍ അവള്‍ ഒരു യാചകയെപ്പോലെ സ്‌നേഹത്തിനായി കേണു.”

‘താല്‍കാലിക സന്തോഷത്തിനുവേണ്ടിയുള്ള ഇത്തരം  ബന്ധങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഭാവിയില്‍ കടുത്ത ദുരന്തങ്ങളാണു സമ്മാനിക്കുക’-ഡോ. ബിന്ദു പറഞ്ഞുനിര്‍ത്തി. ഞാനാണെങ്കില്‍, ആ പാട്ടില്‍ മുങ്ങിപ്പോയിരുന്നു. 

‘പ്രണയമേ നീ… മുഴുവനായി… മധുരിതമെങ്കിലും
എരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെ
ഒരു മലരിതളാല്‍ മലര്‍വനി തീര്‍ക്കും വിരഹനിലാവായ്
മരുവും തീര്‍ക്കും പ്രേമം…’ 

………………………

പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?

ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!

പ്രണയം പറയാതെ നീണ്ടുനീണ്ടുപോയ പതിറ്റാണ്ടുകള്‍, എന്നിട്ടും വീണ്ടും അവര്‍ കണ്ടുമുട്ടി!

………………………

 

ഒരു ചെറിയ സന്തോഷത്തിനായി വലിയൊരു സങ്കടക്കടല്‍ വിലയ്‌ക്കെടുക്കുന്നവരാണ് വിവാഹേതര ബന്ധത്തില്‍ പെടുന്നവരില്‍ അധികവും. മനസ്സില്‍ ഏറെ അടുപ്പമുള്ള ചിലരുടെ മുഖം തെളിയുന്നു. അവരും ഇങ്ങനെയാവുമോ ഒടുവിലെന്ന അശുഭ ചിന്തയില്‍ കുടുങ്ങവെ, ഡോക്ടര്‍ തുടര്‍ന്നു. 

”പങ്കാളിയോടുള്ള സ്‌നേഹക്കുറവോ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളോ ഒന്നുമായിരുന്നില്ല അവളെ അവനിലേക്ക് അടുപ്പിച്ചത്. ജീവിതത്തില്‍ ലഭിക്കണമെന്ന് അവളാഗ്രഹിച്ചിരുന്ന, എന്നാല്‍ തനിയ്ക്ക് ലഭിച്ചില്ലായെന്ന് വിലപിച്ചിരുന്ന ചിലത്. അവന്റെ സൗഹൃദത്തിലൂടെ അവള്‍ ആ നഷ്ടബോധത്തെ മറികടക്കുകയായിരുന്നു. അവന്‍ മറ്റു ബന്ധങ്ങളിലേക്ക് പോവുന്നെന്നും, തന്നെ ഒഴിവാക്കുന്നുവെന്നുമുള്ള തോന്നല്‍ അവളെ തളര്‍ത്തി. 2015 സെപ്റ്റംബറിലാണ് അവള്‍ എന്നെ കാണാന്‍ വരുന്നത്. ഡിപ്രഷന്റെ തുടക്കമായിരുന്നു. ആറു മാസത്തെ മരുന്നിനൊടുവില്‍ അവള്‍ നോര്‍മലായി.”

”മാസങ്ങളോളം അവളെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. പിന്നീട്, അവളെ ഞാന്‍ കാണുന്നത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലായിരുന്നു. അന്നവള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഏറെ സന്തോഷവതിയായിരുന്നു. കുറച്ച് കൂടി ചെറുപ്പമായതുപോലെ തോന്നി. അവന്‍, അവള്‍ ജോലി ചെയ്തിരുന്ന ബാങ്കിനടുത്തുള്ള  കോളേജിലേക്ക് സ്ഥലംമാറി എത്തിയിരുന്നു അക്കാലത്ത്. അവന്‍ ഭാര്യയുമായി തെറ്റിയതായി പറയുമ്പോഴുള്ള അവളുടെ മുഖത്തെ പ്രകാശം എന്നെ സങ്കടപ്പെടുത്തി. അവള്‍ താമസിക്കുന്നതിന് അടുത്തായി അവന്‍ ഒരു വീടെടുത്തിട്ടുണ്ട്. രാവിലെ  അവിടെ കയറി ചായയുണ്ടാക്കി, അടുത്ത കടയില്‍ നിന്ന് കൊണ്ടുവരുന്ന ബ്രേക്ക്ഫാസ്റ്റ്  ഒരുമിച്ച്  കഴിച്ച ശേഷമായിരുന്നു അവള്‍ ബാങ്കിലേക്ക് പോയിരുന്നത്. വീട്ടിലേയ്ക്കുള്ള യാത്ര അവള്‍ മാസത്തിലൊരിക്കലാക്കിയിരുന്നു. ബാങ്കിലെ തിരക്കായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. അവളേക്കാള്‍ തിരക്കുണ്ടായിരുന്ന ഭര്‍ത്താവും  അത് വിശ്വസിച്ചു. ഒരു പൊള്ളയായ ബന്ധമാണിതെന്ന് മുമ്പേ എനിക്ക് തോന്നിയിരുന്നു. പക്ഷേ, ഞാന്‍ പറയുന്നതൊന്നും അവള്‍ക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല. അവളുടെ വഴിയ്ക്ക് പൊക്കോട്ടേയെന്ന് ഞാനും കരുതി.” 

ഡോ. ബിന്ദു പറഞ്ഞു നിര്‍ത്തുമ്പോള്‍  ദുരന്തത്തിലേക്കുള്ള യാത്രയായിരുന്നില്ലേ അതെന്ന് ഞാന്‍ ഓര്‍ത്തു. തീ കണ്ട് വെളിച്ചമാണെന്ന് കരുതി അണയുന്ന ഈയാംപാറ്റയുടെ ആയുസ്സേ ഇത്തരം ബന്ധത്തിനുണ്ടാവൂ എന്ന് എപ്പോഴും മനസില്‍ തോന്നാറുണ്ട്. കഥയുടെ ബാക്കി ഭാഗത്തിനായി കാതോര്‍ക്കുമ്പോള്‍ മനസ്സില്‍ വീണ്ടും ആ പാട്ടിന്റെ ചരണം. ലാലിന്റേയും ശ്വേതയുടേയും ഗംഭീര അഭിനയം. പ്രണയിച്ചവരും ഇല്ലാത്തവരും ഒരുപോലെ ആസ്വദിച്ച വരികള്‍.

”ഹൃദയമേ നീ … 
ചഷകമായി.. 
നുരയുവതെന്തിനോ
ശലഭമായ് ഞാന്‍… 
തിരിയില്‍ വീഴാന്‍..
ഇടയുവതെന്തിനോ-
നിഴലുകള്‍ ചായും.. 
സന്ധ്യയിലാണോ
പുലരിയിലാണോ 
ആദ്യം കണ്ടു നമ്മള്‍!”

ഇതേ ചോദ്യം തന്നെയല്ലേ വയലാറിന്റെ കഥാനായകന്‍ കുറ്റബോധത്തോടെ തന്റെ പ്രേമഭിക്ഷുകിയോട് ചോദിച്ചതെന്ന് പെട്ടെന്ന് തോന്നി.

”പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെവച്ചു നാം കണ്ടൂ – 
ആദ്യമായ്
എവിടെവച്ചു നാം കണ്ടു.”

 

…………………………….

കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

മരണത്തിലേക്ക് ഊര്‍ന്നുപോവുന്ന അന്ത്യ നിമിഷത്തില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക?

രണ്ട് സ്ത്രീകള്‍, ഒരാള്‍ക്ക് അവനഭയം, മറ്റേയാള്‍ അവനാശ്രയം, അവന്‍ ഇതിലാരെ തെരഞ്ഞെടുക്കും?

രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!

………………..

 

‘പുനര്‍ജന്മം’ എന്ന ചിത്രത്തിലെ മനോഹര വിഷാദ ഗാനം. വയലാറിന്റെ ഭാവനാസുന്ദരമായ രചന. ദേവരാജന്‍ മാഷിന്റെ വിഷാദാര്‍ദ്ര ഈണം. ഗാനഗന്ധര്‍വ്വന്റെ മാസ്മരിക ശബ്ദം. ഞാനെന്റെ പ്രിയഗാനത്തില്‍ മുങ്ങി നിവരുമ്പോഴും ഡോ. ബിന്ദു കഥ തുടര്‍ന്നു.

”മൂന്ന് വര്‍ഷം അങ്ങനെ കടന്നു പോയി. അവളുടെ വീട്ടിലോ അവന്റെ കോളേജിലോ ആരും ഈ ബന്ധം  അറിഞ്ഞിരുന്നില്ല. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു മറ്റുള്ളവരുടെ കണ്ണില്‍. അവളുടെ ക്ലീന്‍ ഇമേജ് തന്നെയായിരുന്നു അവര്‍ക്ക് താങ്ങായത്. എന്നാല്‍  എല്ലാം കീഴ്‌മേല്‍ മറിഞ്ഞത് പെട്ടെന്നായിരുന്നു. അവന് സ്ഥലം മാറ്റമായി. ഇതിനിടയില്‍ അവന് പലരുമായും ബന്ധമുള്ളതിന്റെ തെളിവുകള്‍ അവള്‍ ശേഖരിച്ചിരുന്നു. അവള്‍ അവന്റെ പിന്നാലെ ഒരു കുറ്റാന്വേഷകയെ പോലെ അലഞ്ഞു. അവള്‍ക്കൊരുതരം ഭ്രാന്തായിരുന്നു. ശ്വാസംമുട്ടിക്കുന്ന അടക്കിപ്പിടിക്കല്‍. അവന്, അവളെ മടുത്തു തുടങ്ങിയിരുന്നു. സ്ഥലംമാറ്റം അവനൊരനുഗ്രഹമായിരുന്നു. പുതിയ സ്ഥലത്തേയ്ക്ക് യാത്ര പറഞ്ഞിറങ്ങുമ്പോള്‍, അവന്‍ പറഞ്ഞു;

‘ഇനി നമ്മള്‍ തമ്മില്‍ ഒരു ബന്ധവുമുണ്ടാവില്ല. ഞാന്‍ എല്ലാം ഇവിടെ അവസാനിപ്പിക്കുന്നു.” അതവള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ഒരു ഭ്രാന്തിയെപ്പോലെ അവള്‍ അലറി വിളിച്ചു. പിന്നെ, അവന്റെ ഒരു ഷര്‍ട്ട് പിടിച്ചു വാങ്ങി. പിന്നീടങ്ങോട്ടുള്ള അവളുടെ ജീവിതം ഭ്രാന്ത് പിടിച്ചതുപോലായിരുന്നു. ബാങ്കില്‍ നിന്നെത്തിയാല്‍ അവന്റെ ഷര്‍ട്ടും പിടിച്ച് ഒരിരിപ്പാണ്. അവന്റെ ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്കായില്ല. എന്നാല്‍ അവന്റെ ഓര്‍മ്മയുടെ തുമ്പത്തുപോലും അവളുണ്ടായിരുന്നില്ല.

ഡോക്ടര്‍ അത് പറയുമ്പോള്‍ ഞാനോര്‍ത്തു, ഒരുയര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥ. രണ്ട് മുതിര്‍ന്ന കുട്ടികളുടെ അമ്മ. അവരെന്താ ഇത്രത്തോളം ചെറിയ കുട്ടികളെപ്പോലെ. ഖലില്‍ ജിബ്രാന്റെ പ്രശസ്തമായ വരികള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു.

”ഒരാളോട് താല്‍പര്യം തോന്നാന്‍ ഒരു മിനിറ്റു മതി. ഇഷ്ടപ്പെടാന്‍ ഒരു മണിക്കൂര്‍, പ്രണയിക്കാന്‍ ഒരു ദിവസം… പക്ഷേ, ഒരാളെ മറക്കാന്‍ ഒരു ജീവിതകാലം തന്നെ വേണ്ടി വന്നേക്കാം.”

ഒരിക്കല്‍ക്കൂടി കാണണമെന്ന് പറഞ്ഞ് അവള്‍ അവന് മെസേജയച്ചു കൊണ്ടേയിരുന്നു. പക്ഷേ, അവന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ആത്മഹത്യയെക്കുറിച്ച് പല പ്രാവശ്യം ആലോചിച്ചു. മക്കളെ ഓര്‍ത്തപ്പോള്‍ അതിനും കഴിഞ്ഞില്ല. ഒടുവില്‍, ബാങ്കില്‍ നിന്നും നീണ്ട ലീവെടുത്ത് വീട്ടിലെത്തിയ അവള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതായി. കരയാനോ ചിരിക്കാനോ കഴിയാതെ ഒരേയിരിപ്പ്.

 റൂമി പറഞ്ഞതുപോലെ ഒരവസ്ഥയിലായിരിക്കണം അവളെന്ന് എനിക്കു തോന്നി.”വേട്ടക്കാരന്റെ ശരമേറ്റ പ്രണയിനിയുടെ ദേഹമാസകലം ചോരയൊലിക്കുന്നു. ഒരു മുറിവുപോലും പക്ഷേ കാണാനില്ല.”

…………………….

‘ജീവിതത്തിലാദ്യമായി, ഒരു പ്രണയം തകര്‍ന്നത് വായിച്ചപ്പോള്‍ എന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നു’

‘ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?’

ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം…

…………………….

 

 

ഡോ. ബിന്ദുവിന്റെ ജോലിക്കാരി കൊണ്ടുവന്ന ചായയുമായി ഞങ്ങള്‍ കണ്‍സള്‍ട്ടേഷന്‍ റൂമിന് പുറത്തേയ്ക്കിറങ്ങി. ഡോക്ടര്‍ കഥയുടെ അവസാനത്തിലേക്ക് കടന്നിരുന്നു.

”ബാങ്കിലേക്ക് പോവാനുള്ള മടി കണ്ടപ്പോള്‍ ജോലിയുടെ ടെന്‍ഷനാവും കാരണമെന്ന് വീട്ടുകാരും വിശ്വസിച്ചു. നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാനായി ഭര്‍ത്താവ് അവളെ ബാംഗ്ലൂര്‍ക്ക് കൊണ്ടുപോയി. എട്ട് മാസം അവിടെ ഒരു നാച്ചറോപ്പതി ചികിത്സാ കേന്ദ്രത്തില്‍.  ഇതിനിടയില്‍ അവള്‍ക്ക് ബാംഗ്ലൂരിലേക്ക് ട്രാന്‍സ്ഫറും ശരിയായി. ഇപ്പോള്‍ അവള്‍ എല്ലാം മറക്കാന്‍ പഠിച്ചിരിക്കുന്നു. ഭര്‍ത്താവും മകളുമൊത്ത് ബാംഗ്ലൂരില്‍ പുതിയൊരു ജീവിതം. ഡോക്ടറോട് അവള്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ഭര്‍ത്താവോ മക്കളോ ഇക്കാര്യം അറിയരുത്. 

മനസ്സില്‍ നിന്നൊരാളെ ഇറക്കിവിട്ടാല്‍ അയാളെ കണ്ടാല്‍ക്കൂടി പഴയതൊന്നും ഓര്‍ക്കില്ല എന്നാണ് അവളിപ്പോള്‍ പറയുന്നത്. പണ്ടെന്നോ പരിചയപ്പെട്ടൊരാള്‍ അത്രേ ഉള്ളൂ അവള്‍ക്കവനിപ്പോള്‍. കൈ പിടിച്ചു കയറ്റാന്‍ ഒരാളുണ്ടെങ്കില്‍ ഏത് സങ്കടക്കടലും നമുക്ക് നീന്തി കടക്കാനാവും. അവള്‍ക്കത് നാച്ചറോപ്പതി മെഡിക്കല്‍ സെന്ററിലെ ഡോ. അരവിന്ദ ഷെട്ടി ആയിരുന്നു.”-ഡോ.ബിന്ദു പറഞ്ഞ് നിര്‍ത്തുമ്പോള്‍  വിശ്വസിക്കാന്‍ പ്രയാസം തോന്നി. 

തൊട്ടു മുമ്പ് കണ്ട ശാന്തയായ സ്ത്രീയാണ് ഈ ദുരന്ത പ്രണയകഥയിലെ നായിക. പ്രണയം ഒരര്‍ബുദം തന്നെയാണ് ജീവകോശങ്ങള്‍ കാര്‍ന്നു തിന്നുന്ന അര്‍ബുദം!

മടക്കയാത്രയില്‍ പതിവിന് വിപരീതമായി ഞാന്‍ ശ്രീദേവിയെ ജഡ്ജ് ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ എന്റെ മനസില്‍ അവര്‍ക്ക് അന്നയുടെ ഛായയായിരുന്നു. ടോള്‍സ്റ്റോയിയുടെ മാനസപുത്രി അന്ന. പിന്നെ, ഒരിയ്ക്കലും ഞാന്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലാത്ത ആ പഴയ ചോദ്യവും. അന്ന ഒരു വലിയ ശരിയായിരുന്നോ? അതോ തെറ്റോ?

By admin