ക്രൂരം! പീഡിപ്പിച്ചത് സ്വന്തം മകളെ, പ്രതിക്ക് 17 വർഷം കഠിന തടവ് വിധിച്ച് കോടതി

ഇടുക്കി: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി വന്നത്. 17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.  

പൈനാവ് അതിവേ​ഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ആണ് കേസിൽ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. 2022 ലാണ് പ്രതി മകളെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ അമ്മ കുട്ടിയേയും അനുജത്തിയേയും വീട്ടിലാക്കി അയൽക്കൂട്ടത്തിന് പോയപ്പോഴാണ് സംഭവം നടന്നത്. അച്ഛൻ മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചു എന്നും ഇതിന് മുമ്പും പിതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നും കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ മടിച്ചു നിന്ന പെൺകുട്ടിയോട് കൂട്ടുകാരി കാര്യം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 

വിവരം അറിഞ്ഞ പെൺകുട്ടിയുടെ കൂട്ടുകാരി അത് സ്വന്തം വീട്ടിൽ അറിയിച്ചു. തുടർന്ന് വീട്ടുകാർ സ്കൂളിൽ അറിയിച്ചു. സ്കൂൾ അധികൃതരാണ് പീഡനവിവരം പൊലീസിൽ അറിയിച്ചത്. കേസിന്റെ വിചാരണാ വേളയിൽ പെൺകുട്ടിയുടെ അമ്മ കൂറുമാറുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. പിഴത്തുക കുട്ടിക്ക് നൽകണം എന്ന് കോടതി വിധിച്ചിട്ടുണ്ട്.

Read More:ജെയിൻ നാട്ടിലെത്തി, ബിനിലിന്റെ മൃതശരീരം എവിടെയെന്ന് അറിയില്ല;റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത് ചതിയിലൂടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin