ന്യൂ യോർക്ക്: ദീപാവലി ന്യൂ യോർക്ക് പബ്ലിക് സ്കൂളുകളിൽ അവധി ദിവസമായി പ്രഖ്യാപിക്കുന്ന ന്യൂ യോർക്ക് നഗരസഭാ ബില്ലിൽ ഗവർണർ കാത്തി ഹോക്കൽ ബുധനാഴ്ച ഒപ്പു വച്ചു. ഇന്ത്യൻ കലണ്ടറിലെ എട്ടാം മാസത്തിൽ 15ആം തീയതി എല്ലാ വർഷവും  ദീപാവലി ദിനമായതിനാൽ അവധി ആയിരിക്കുമെന്നു ഉത്തരവിൽ പറയുന്നു. 
“ന്യൂ യോർക്ക് നഗരം വ്യത്യസ്തമായ മതങ്ങളും സംസ്കാരങ്ങളും കൊണ്ടു സമ്പന്നമാണ്,” ഉത്തരവിൽ പറയുന്നു. “സ്കൂൾ കലണ്ടറിലെ ഈ വൈവിധ്യം അംഗീകരിക്കാനും അതിനെ ആദരിക്കാനുമാണ് നമ്മൾ ഈ സുപ്രധാന നടപ്പായി എടുക്കുന്നത്. ദീപാവലി സ്കൂൾ അവധിയാക്കുമ്പോൾ നമ്മുടെ കുട്ടികൾക്കു ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പാരമ്പര്യ ആഘോഷങ്ങളെ കുറിച്ച് അറിവ് ലഭിക്കുന്നു.” 
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഫ്ലഷിങ്ങിൽ ഹിന്ദു ടെമ്പിൾ സൊസൈറ്റി ഓഫ് നോർത് അമേരിക്ക സംഘടിപ്പിച്ച ചടങ്ങിലാണ് ഹോക്കൽ ഉത്തരവിൽ ഒപ്പു വച്ചത്. ഹിന്ദുക്കളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും ദീപാവലി ആഘോഷിക്കാറുണ്ട് എന്നു ഗവർണറുടെ ഓഫിസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.
ദീപാവലി സ്കൂൾ അവധിയാക്കാൻ ജൂൺ 9നു ന്യൂ യോർക്ക് നിയമസഭ തീരുമാനിച്ചിരുന്നു. സിറ്റി മേയർ എറിക് ആഡംസ്, അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാർ എന്നിവർ മുൻകൈയെടുത്താണ് അതിനു നീക്കം നടത്തിയത്. രാജ്‌കുമാർ പറഞ്ഞു: “ഈ ബില്ലിൽ ഗവർണർ ഒപ്പുവച്ചതോടെ എല്ലാ ന്യൂ യോർക്ക് നിവാസികളുടെയും ഹൃദയത്തിലും മനസുകളിലും കെടാവിളക്കു തെളിയിച്ചിരിക്കുന്നു. ഹിന്ദുക്കളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും ഉൾപ്പെടെ ആറു ലക്ഷം പേരോടാണ് ‘ഞങ്ങൾ നിങ്ങളെ കാണുന്നു, അംഗീകരിക്കുന്നു എന്നു നമ്മൾ പറയുന്നത്.” 
രണ്ടു പതിറ്റാണ്ടായി ഈ ഒഴിവു ദിനം അംഗീകരിച്ചു കിട്ടാനുള്ള ശ്രമം തുടങ്ങിയിട്ടെന്നു അസംബ്ലിയിലെ ആദ്യ ഹിന്ദു-ദക്ഷിണേഷ്യൻ അംഗമായ രാജ്‌കുമാർ പറഞ്ഞു. 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *