1953ന് ശേഷം ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില, ഒഡീഷയിൽ സ്കൂളുകൾക്ക് വേനലവധി, ജാർസുഗുഡയിൽ റെക്കോർഡ് ചൂട്
ജാർസുഗുഡ: 1953ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയിൽ ഒഡിഷ. പിന്നാലെ ഏപ്രിൽ 23 മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനൽക്കാല അവധി പ്രഖ്യാപിച്ച് ഒഡിഷ. ഒഡിഷയിൽ 15ഓളം സ്ഥലങ്ങളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസിനും 43 ഡിഗ്രി സെൽഷ്യസിനും അടുത്തെത്തിയത്. ജാർസുഗുഡയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 46.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഏപ്രിൽ 22ന് ജാർസുഗുഡയിൽ രേഖപ്പെടുത്തിയത്.
താപനില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അംഗനവാടികൾ, ശിശുവാടികൾ, പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് വേനലവധി പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നാണ് സർക്കാർ വിശദമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയുടെ നേതൃത്വത്തിൽ ചേർന്ന യോഗ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രിൽ 22 മുതൽ ഏപ്രിൽ 26വരെയുള്ള ദിവസങ്ങളിൽ താപനി രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡോ. മനോരമാ മൊഹന്തി ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
ഇതിന് ശേഷവും കാര്യമായ മാറ്റം താപനിലയിൽ പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. രാത്രിയിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുണ്ട്. താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിലയ്ക്കാതിരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് സർക്കാർ വിശദമാക്കി. പകൽ സമയത്ത് വൈദ്യുതി തടസം ഉണ്ടാവാതിരിക്കാനുള്ള നിർദ്ദേശം കമ്പനികൾക്ക് നൽകിയതായാണ് ഒഡീഷ ഉപമുഖ്യമന്ത്രി കെ വി സിംഗ് ഡിയോ വിശദമാക്കുന്നത്. 21300 പുതിയ കുഴൽക്കിണറുകൾ സംസ്ഥാനത്ത് സ്ഥാപിക്കാൻ പദ്ധതിയിട്ടതായും മന്ത്രി വിശദമാക്കി. നിലവിൽ 5.2 ലക്ഷത്തോളം കുഴൽക്കിണറുകളാണ് ഒഡീഷയിലുള്ളതെന്നും ഇതിൽ 36 ശതമാനത്തോളം ഉപയോഗ ശൂന്യമാണെന്നും കണക്കുകൾ വിശദമാക്കുന്നത്.
കേരളത്തിൽ ബുധനാഴ്ച ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തത് കോഴിക്കോടാണ്. 37.5 ഡിഗ്രി സെൽഷ്യസ് ആണ് കോഴിക്കോട് രേഖപ്പെടുത്തിയത്. കേരളത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ സ്വാധീനം കാരണം പുഴുങ്ങുന്നതിന് സമാനമായ അന്തരീക്ഷ സ്ഥിതി വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഇതോടൊപ്പം ഇടവിട്ടുള്ള വേനൽ മഴയും ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം