ചൈനയില്‍ തരംഗമായി ഗോള്‍ഡ് എടിഎം; ആഭരണങ്ങൾ ഉണ്ടെങ്കിൽ പണം ഉറപ്പ്
സ്വര്‍ണവില കുതിച്ചുയരുമ്പോഴും കയ്യിലുള്ള സ്വര്‍ണം വില്‍ക്കാനുള്ള നൂലാമാലകളും മറ്റ് ചെലവുകളും അറിയാമല്ലോ.. എന്നാല്‍ കയ്യിലുള്ള സ്വര്‍ണം ഒരു മെഷീനകത്ത് നിക്ഷേപിക്കുമ്പോള്‍, അതിന്‍റെ പരിശുദ്ധി അളന്ന് പണം അപ്പോള്‍ തന്നെ ലഭിച്ചാലോ? ചൈനയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇത്തരം സ്വര്‍ണ എടിഎമ്മുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍റാണ്. ഷാങ്ഹായിലെ തിരക്കേറിയ മാളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ചെറിയ എടിഎം മെഷീന്‍ പരമ്പരാഗത ആഭരണശാലകള്‍ക്ക് ഒരു ബദലാണ്. സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി തത്സമയം പരിശോധിക്കുന്നതിനാലും, തത്സമയ വിലനിര്‍ണ്ണയം നടത്തുന്നതിനാലും, പണം അപ്പോള്‍ തന്നെ ലഭിക്കുന്നതിനാലും ഉപഭോക്താക്കളും ഇത്തരം എടിഎമ്മുകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.
ഗോള്‍ഡ് എടിഎം പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
ഗോള്‍ഡ് എടിഎം മെഷീന്‍ ആദ്യം സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധിയും ഭാരവും അളക്കും. അതിന് ശേഷം 1,200 ഡിഗ്രി സെല്‍ഷ്യസില്‍ സ്വര്‍ണ്ണം ഉരുക്കുന്നു. തുടര്‍ന്ന് മെഷീന്‍ ഷാങ്ഹായ് ഗോള്‍ഡ് എക്സ്ചേഞ്ചിന്‍റെ തത്സമയ നിരക്കിനെ അടിസ്ഥാനമാക്കി വില കണക്കാക്കുന്നു, നാമമാത്രമായ സേവന ഫീസ് കുറച്ചുകൊണ്ട് ബാക്കി തുക ഉടമകള്‍ക്ക് നല്‍കും.
ഗോള്‍ഡ് എടിഎം ഇത്ര ജനപ്രിയമാകുന്നത് എന്തുകൊണ്ട്?
ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കിംഗ്ഹുഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ മെഷീന്‍ ഇതുവരെ ചൈനയിലെ ഏകദേശം 100 നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ ഷാങ്ഹായില്‍ മറ്റൊരു യൂണിറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഓട്ടോമേറ്റഡ് സ്വര്‍ണ്ണ ഇടപാടുകള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം ഗോള്‍ഡ് എടിഎം വിപണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. സ്വര്‍ണ്ണത്തിന്‍റെ വില നിരന്തരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഈ യന്ത്രങ്ങള്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്, വിലപേശാതെ തങ്ങളുടെ പക്കലുള്ള വിലയേറിയ ലോഹം പണമാക്കി മാറ്റാനുള്ള ഒരു എളുപ്പ മാര്‍ഗം ആണ് ഗോള്‍ഡ് എടിഎമ്മുകള്‍ നല്‍കുന്നത്.