മുംബൈ പേസ് കൊടുങ്കാറ്റിലും കുലുങ്ങാതെ ക്ലാസന്‍- അഭിനവ്; 13-4ല്‍ നിന്ന് 143-8ലെത്തി സണ്‍റൈസേഴ്സ്

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഹെന്‍‌റിച്ച് ക്ലാസന്‍ വെടിക്കെട്ടില്‍ കരകയറി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സ്വന്തം മൈതാനത്ത് ഒരുവേള 13-4 എന്ന നിലയിലായിരുന്ന സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ 143-8 എന്ന സ്കോറിലെത്തി. ആറാം വിക്കറ്റിലെ ഹെന്‍‌റിച്ച് ക്ലാസന്‍- അഭിനവ് മനോഹര്‍ കൂട്ടുകെട്ട് സണ്‍റൈസേഴ്സിന് ജീവന്‍ നല്‍കി. ക്ലാസന്‍ 44 പന്തുകളില്‍ 71 റണ്‍സ് അടിച്ചെടുത്തു. മുംബൈ ഇന്ത്യന്‍സിനായി ട്രെന്‍ഡ് ബോള്‍ട്ട് നാല് വിക്കറ്റ് നേടി. 

പവര്‍പ്ലേയില്‍ 24-4

സ്വന്തം തട്ടകത്തില്‍ 300 അടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് പവര്‍പ്ലേയില്‍ നടുങ്ങിവിറച്ചു. 13 റണ്‍സ് എടുക്കുന്നതിനിടെ സണ്‍റൈസേഴ്സ് ടോപ് ഫോറിനെ മുംബൈ പേസര്‍മാരായ ദീപക് ചാഹറും ട്രെന്‍ഡ് ബോള്‍ട്ടും കൂടാരം കയറ്റി. ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ട്രാവിസ് ഹെഡിനെ (4 പന്തില്‍ 0) വീഴ്ത്തി ബോള്‍ട്ടാണ് തുടക്കമിട്ടത്. മൂന്നാം ഓവറിലെ ഒന്നാം പന്തില്‍ ഇല്ലാത്ത വിക്കറ്റ് നല്‍കി ഇഷാന്‍ കിഷന്‍ (4 പന്തില്‍ 1) മടങ്ങി. ചാഹറിന്‍റെ പന്ത് ബാറ്റിലുരസാതെ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിയിട്ടും കിഷന്‍ റിവ്യൂ എടുത്തില്ല. നാലാം ഓവറിലെ മൂന്നാം ബോളില്‍ അഭിഷേക് ശര്‍മ്മയെ (8 പന്തില്‍ 8) ബോള്‍ട്ട് മലയാളി താരം വിഗ്നേഷ് പുത്തൂരിന്‍റെ കൈകളില്‍ എത്തിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും (6 പന്തില്‍ 2) ചാഹര്‍ പറഞ്ഞയച്ചു. പവര്‍പ്ലേയില്‍പ 24-4 എന്ന സ്കോറില്‍ സണ്‍റൈസേഴ്സ് ഇതോടെ തളയ്ക്കപ്പെട്ടു. 

എല്ലാം ക്ലാസന്‍റെ ക്ലാസ് 

ആറാമനായി ക്രീസിലെത്തിയ അനികേത് വര്‍മ്മയ്ക്കും തിളങ്ങാനായില്ല. 14 പന്തില്‍ 12 എടുത്ത അനികേതിനെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. ഇതോടെ അഭിനവ് മനോഹറിനെ ഇംപാക്ട് സബ്ബായി സണ്‍റൈസേഴ്സിന് ഇറക്കേണ്ടിവന്നു. ഒരറ്റത്ത് കാലുറപ്പിച്ച ക്ലാസന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോഴും സണ്‍റൈസേഴ്സ് 100ലെത്തിയിരുന്നില്ല. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 17-ാം ഓവറിലാണ് ഹെന്‍‌റിച്ച് ക്ലാസന്‍- അഭിനവ് മനോഹര്‍ സഖ്യം സണ്‍റൈസേഴ്സിനെ 100 കടത്തുന്നത്. 19-ാം ഓവറിലെ അവസാന പന്തില്‍ ക്ലാസനെ (44 പന്തില്‍ 71) ബുമ്രയും, 20-ാം ഓവറിലെ നാലാം പന്തില്‍ അഭിനവിനെ (37 പന്തില്‍ 43) ബോള്‍ട്ടും പുറത്താക്കി. അഭിനവ് ഹിറ്റ് വിക്കറ്റാവുകയായിരുന്നു. അവസാന ബോളില്‍ പാറ്റ് കമ്മിന്‍സും (2 പന്തില്‍ 1) ബൗള്‍ഡായി. 

Read more: ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് സണ്‍റൈസേഴ്സ്; ഇഷാന്‍ കിഷന്‍റെ ആനമണ്ടത്തരം; വിക്കറ്റല്ല, റിവ്യൂ എടുക്കാതെ മടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin