ബാറ്റിംഗ് വെടിക്കെട്ട് കാത്ത് സണ്‍റൈസേഴ്സ്, ടോസ് ജയിച്ച് മുംബൈ ഇന്ത്യന്‍സ്; വിഗ്നേഷ് പുത്തൂര്‍ ടീമില്‍
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരം അല്പസമയത്തിനകം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന് ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവനില്‍ അശ്വനി കുമാറിന് പകരം മലയാളി സ്പിന്നര്‍ വിഗ്നേഷ് പുത്തൂര്‍ ഇടം നേടി. പഹല്‍ഗാം ഭീകരാക്രമണത്തെ ഇരു ക്യാപ്റ്റന്മാരും ടോസ് വേളയില്‍ അപലപിച്ചു.
പ്ലേയിംഗ് ഇലവനുകള്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന് കിഷന്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന് (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ്മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍) ഹര്‍ഷല്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്, സീഷാന്‍ അന്‍സാരി, ഇഷാന് മലിംഗ.
മുംബൈ ഇന്ത്യന്‍സ്: റയാന് റിക്കെള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹാര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, വിഗ്നേഷ് പുത്തൂര്‍.
മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നിറങ്ങുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിന് കാര്യങ്ങള്‍ സിമ്പിളാണ്. ഓപ്പണിംഗില്‍ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും ചേര്‍ന്നൊരു വന്‍ തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നത്. പക്ഷേ, ജസ്പ്രീത് ബുമ്രയും ട്രെന്‍ഡ് ബോള്ട്ടുമുള്പ്പെടെയുള്ള കരുത്തുറ്റ ബൗളര്‍മാരെ നേരിട്ട് വേണം ഹൈദരാബാദിന് കൂറ്റന്‍ സ്കോറിലേക്കെത്താന്‍. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഫോംഓട്ടായ ഇഷാന് കിഷന് ഇന്ന് നിര്‍ണായകമാണ്. മുന്‍ ഫ്രാഞ്ചെസിയായ മുംബൈക്കെതിരെ തിളങ്ങാന്‍ കിഷന് ഇതൊരു അവസരം കൂടിയാണ്.
അതേസമയം, മുംബൈ ഇന്ത്യന്‍സാവട്ടെ ചെന്നൈയ്ക്കെതിരായ ജയത്തോടെ ആകെ ആവേശത്തിലാണ്. ഓപ്പണര്‍ രോഹിത് ശര്‍മ്മ ഫോമിലെത്തിയതും സൂര്യകുമാർ യാദവ് റണ്‍സ് കണ്ടെത്തിയതും മുംബൈക്ക് ആശ്വാസമാണ്. പാറ്റ് കമ്മിന്‍സും മുഹമ്മദ് ഷമിയുമാകും മുംബൈ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാവുക. രോഹിത്- കമ്മിന്‍സ് ആവേശപ്പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ഹൈദരാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകര്‍.
Read more: പഹല്‍ഗാം ഭീകരാക്രമണം: രണ്ട് വാക്കില്‍ പ്രതികരിച്ച് പാകിസ്ഥാന് മുന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഹഫീസ്