വിനയുടെ മൃതദേഹത്തിനരികെ ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി ഹിമാന്‍ഷി; അതിവൈകാരിക രംഗങ്ങൾ, മൃതദേഹം കൊണ്ടുപോയി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച നാവികസേഉദ്യോഗസ്ഥനായ വിനയ് നർവാളിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കശ്മീരിൽ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. വിവാഹം കഴിഞ്ഞ് ആറ് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഭർത്താവ് കൊല്ലപ്പെടുന്നത്. 

അതിവൈകാരിക രംഗങ്ങൾക്കാണ് ദില്ലി വിമാനത്താവളം സാക്ഷിയായത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വിനയ്ക്കപ്പം കശ്മീരിലേക്ക് പോയ ഹിമാന്‍ഷി ഒറ്റക്കായി. വിനയ് നര്‍വാളിനരികില്‍ ഹിമാന്‍ഷി ഇരിക്കുന്ന ചിത്രം രാജ്യത്തിന്‍റെ വേദനയായി മാറിയിരുന്നു. ദില്ലി വിമാനത്താവളത്തില്‍ വിനയുടെ മൃതദേഹത്തിനൊപ്പമെത്തിയ ഹിമാന്‍ഷി ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി, പൊട്ടിക്കരഞ്ഞു. ഹിമാൻഷിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ കഷ്ടപ്പെട്ടു. വിനയുടെ സ്വദേശമായ ഹരിയാനയിലേക്ക് മൃതദേഹം കൊണ്ടുപോയി. യുപി സ്വദേശിയായ ശുഭം ദ്വിവേദിയും മധുവിധു ആഘോഷിക്കാൻ എത്തിയതായിരുന്നു കാശ്മീരിൽ. ഭാര്യ ഇശാന്യയുടെ മുന്നിൽ വെച്ചാണ് ശുഭത്തിന് വെടിയേൽക്കുന്നത്. 

പശ്ചിമബംഗാൾ സ്വദേശിയായ ബിതൻ അധികാരി ഭാര്യക്കും കുഞ്ഞിനുമൊപ്പമാണ് കശ്മീരിൽ എത്തിയത്. ഭാര്യക്കും മകനും മുന്നിൽ ബിതൻ വെടിയേറ്റു വീണു. ഫ്ലോറിഡയിൽ താമസമാക്കിയ ബിതൻ ഈ മാസം 8നാണ് നാട്ടിൽ എത്തിയത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി കാശ്മീരിൽ എത്തിയതായിരുന്നു ഐബി ഉദ്യോഗസ്ഥനായ മനീഷ് രഞ്ജനും. ഭീകരർ മനീഷിനെ വെടിവെച്ച് വീഴ്ത്തിയത് ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വെച്ചാണ്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭാര്യക്കും മക്കൾക്കും മനീഷിന്റെ വേർപാട് ഇതുവരെ ഉൾക്കൊള്ളാൻ ആയിട്ടില്ല.

ഇവർക്ക് പുറമേ ഒരു എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഒരു റെയിൽവേ ഉദ്യോഗസ്ഥനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണം തള്ളിയ കേന്ദ്ര സർക്കാർ നിരപരാധികളെ കൊന്നൊടുക്കിയത് ന്യായീകരിക്കാനാണ് ശ്രമമെന്നും അപലപിച്ചു. തെറ്റായ പ്രചരണത്തിലൂടെ ആക്രമണത്തെ ന്യായീകരിക്കാൻ ഭീകര സംഘടനകൾ ശ്രമിക്കുകയാണെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. 

പഹൽ​ഗാം ആക്രമണം; മേഖലയിലെ സ്ഥിരതയേയും സുരക്ഷയേയും ബാധിക്കുന്ന നടപടി എന്ന് താലിബാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

By admin