Malayalam Short Story: അടുക്കളയോട്ടം, സിതാര ഇ എഴുതിയ  ചെറുകഥ

Malayalam Short Story: അടുക്കളയോട്ടം, സിതാര ഇ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Malayalam Short Story: അടുക്കളയോട്ടം, സിതാര ഇ എഴുതിയ  ചെറുകഥ

 

അടുക്കളയോട്ടം

അടുക്കളയുടെ ഇരുട്ടിലേക്ക് അവള്‍ നടന്നു. ഓരോ സ്വിച്ച് ബോര്‍ഡിലൂടെയും കൈകള്‍ നീങ്ങവേ, പുതിയ  അടുക്കളയിലെയും പഴയ  അടുക്കളയിലെയും സ്റ്റോര്‍ റൂമിലെയും പിന്നെ അടുക്കള മുറ്റത്തെ കല്ലടുപ്പിനരികിലെയും ബള്‍ബുകള്‍ പ്രകാശിച്ചു.

‘ഒരല്പം കൂടി ഉറങ്ങട്ടെ സ്ത്രീയെ’ എന്ന് അടുക്കള മുറ്റത്തെ ബള്‍ബ് ചിണുങ്ങി. ‘താനോ ഉറങ്ങുന്നില്ല. നീ എനിക്ക് കൂട്ടിരിക്ക്’ എന്ന് അവനെയൊന്നു ശാസിക്കാന്‍ നോക്കി അവള്‍.

‘ഒന്ന് ശ്രദ്ധിച്ചൊക്കെ നടക്കു, വയറ്റില്‍ ഏഴു മാസക്കാരന്‍ ഉറങ്ങുന്നുണ്ടെന്ന് മറക്കരുതെന്ന് സ്‌നേഹിക്കാന്‍ കിട്ടിയ അവസരം ബള്‍ബ് പാഴാക്കിയില്ല. 

‘ഈ കൊച്ചിന്റെ സ്വന്തക്കാര്‍ക്കില്ലാത്ത വേവലാതി ഒന്നും മുറ്റത്തു നില്‍ക്കുന്ന നിനക്ക് ആവശ്യമില്ല’ എന്ന് അരിശപ്പെട്ട്, അടുപ്പില്‍ വെച്ച പച്ചരിയുടെ മുഷിഞ്ഞ മണത്തിലേക്കും, വാട്ടി കുറുക്കി എടുക്കേണ്ട ഉള്ളിയുടെ മടുപ്പിക്കുന്ന മണത്തിലേക്കും ചവിട്ടി കുലുക്കി അവളങ്ങു കയറിപ്പോയി.
  
‘ഇന്നെന്താ പുട്ടും കറിയുമേ ഉള്ളോ’ എന്നായി ഗ്യാസ് അടുപ്പിന് മുന്‍പില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സുന്ദരി ബള്‍ബിന്റെ ചോദ്യം. ‘അല്ലാ ചപ്പാത്തി കൂടെ വേണം, പുട്ട് കഴിക്കാത്തവര് വേറെ എന്താ കഴിക്യാ?’ 

‘ചെറുപയര്‍ വെന്തു, വേഗം തേങ്ങ അരച്ചൊഴിച്ചോളൂ’ എന്ന ബള്‍ബ് ഓര്‍മപ്പെടുത്തി. ‘ഇപ്പ ശരിയാക്കാം’ എന്ന് അവളോരോട്ടം. 

തേങ്ങ ചിരകണം, അരക്കണം. പ്ലേറ്റും കൊണ്ട് സ്റ്റോര്‍ റൂമിലെത്തിയപ്പോള്‍ അവിടുത്തെ കുഞ്ഞ് ബള്‍ബിനു പരാതി, ‘ഏത് നേരം അടുക്കളയില്‍ വന്നതാ, ഞാനിവിടെ ഉണ്ടെന്ന വല്ല ബോധവും ഉണ്ടോ?’

‘ക്ഷമിക്ക് കുഞ്ഞേ’ എന്ന സാന്ത്വന വാക്കിനൊപ്പം തേങ്ങ ചിരകി. അത് പ്ലേറ്റിലേക്ക് വീണു കൊണ്ടിരുന്നു.
‘താഴെ വീണ തേങ്ങയൊന്നും തുടച്ചു കളയാന്‍ മറക്കണ്ട, അല്ലെങ്കില്‍ വൈകിട്ട് വരുമ്പോള്‍ ചെവിതല കേള്‍ക്കില്ല’ എന്ന ഓര്‍മപ്പെടുത്തലില്‍ അവള്‍ തുണി എടുക്കാന്‍ അടുത്ത ഓട്ടം ഓടി . 

തേങ്ങ അരയ്ക്കുമ്പോള്‍ മിക്‌സിക്കൊരു ധാര്‍ഷ്ട്യം. ‘നീയൊക്കെ എന്തിനു കൊള്ളാം’ എന്നൊരു ഭാവം . ‘തനിക്കും ജീവിച്ചല്ലേ പറ്റൂ’ എന്ന് അവളൊരു തട്ടുകൊടുത്തു. ‘ഒരു പൊടിയോ, തുള്ളി വെള്ളമോ എങ്ങാനും തന്റെ ദേഹത്ത് കണ്ടാല്‍’ എന്ന് മിക്‌സി പിന്നെയും ഒന്ന് മുരണ്ടു .

അന്നേരം, വാഷ്‌ബേസിനു മുകളിലെ ബള്‍ബ് ഒരു തുറിച്ചുനോട്ടം. കഴുകിയ പത്രം അണുവിട മാറാതെ എടുത്തിടത്തു തന്നെ തിരിച്ചു വെക്കണമെന്ന ഭീഷണിയാണ് .

‘ചെറുപയര്‍ കറിക്ക് വെള്ളം കുറഞ്ഞു പോയി’ എന്ന് ഗ്യാസടുപ്പിനു മുകളിലെ ബള്‍ബിനു മുറുമുറുപ്പ്. ‘ഇന്നത്തെ ഭക്ഷണം ഗോവിന്ദ’ എന്ന് കറിപ്പാത്രത്തിനൊരു കൊട്ട് കൊടുത്തു അവള്‍. പിന്നെ, ‘ഒരിത്തിരി വെള്ളം തിളപ്പിച്ചൊഴിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേ, നിന്റെ കൈ പണയം വെച്ചതാണോ’ എന്ന് അവളൊന്ന് അതിനെ നോക്കി പേടിപ്പിച്ച.

ഫ്രിഡ്ജിനകത്തെ വെള്ളരി എടുക്കുമ്പോള്‍, ‘വയറ്റിലെ കുഞ്ഞിനെ തണുപ്പിക്കാതെ വേഗം മാറൂ’ എന്ന് ഫ്രിഡ്ജ്. അവള്‍ക്ക് അരിശം വന്നു. ‘ഇതൊക്കെ അറിഞ്ഞുതന്നെ കുഞ്ഞ് വളരട്ടെ’ എന്ന് അവള്‍ ഒരു ചാട്ടം. 

മുറ്റത്തെ അടുപ്പിലെ തീ കെട്ടുപോയോ എന്ന് നോക്കാന്‍ പോയപ്പോള്‍ ബള്‍ബ് ഓര്‍മിപ്പിച്ചു, ‘ഭക്ഷണം കഴിക്കാനും, ഓഫീസില്‍ കൊണ്ടുപോവാന്‍ പാത്രത്തില്‍ എടുത്തു വെയ്ക്കാനും മറക്കണ്ട’ എന്ന്.

‘അയ്യോ! ചമ്മന്തി അരച്ചില്ലല്ലോ’ എന്ന് അവള്‍ അടുത്ത ഓട്ടം. അമ്മിക്കല്ല് കഴുകുമ്പോള്‍, അവിടുത്തെ കുഞ്ഞന്‍ ബള്‍ബിന് സംശയം, ‘ഈ പൊങ്ങാത്ത വയറും വെച്ച് ചമ്മന്തി മിക്‌സിയില്‍ അരച്ചാല്‍ പോരേ’ എ ന്ന്. 

‘ചമ്മന്തി അമ്മിക്കല്ലിലരച്ചാലേ ഇവിടുള്ളോര്‍ക്കു ഭക്ഷണം ഇറങ്ങൂന്ന് ഇനി താന്‍ പറഞ്ഞു തന്നാലേ അറിയുള്ളോ’ എന്നൊരു എതിര്‍ നോട്ടത്തില്‍ ബള്‍ബിന്റെ വായടക്കി. 

കഴുകിയ തുണി വിരിച്ചിടാന്‍ പോയപ്പോള്‍ വീണ്ടും ബള്‍ബ് വക. ‘ഇതിത്ര വലിയ പണിയാണോ?’

ഇത്ര പൊക്കത്തില്‍ വിരിക്കാന്‍ പറ്റുന്നില്ല, ക്ഷീണമാവുന്നു, ഒന്ന് സഹായിക്കു എന്ന അവളുടെ നിസ്സഹായതയില്‍ അവന്‍ പറഞ്ഞു, ‘അവന്റെ അമ്മയുണ്ടായിരുന്നെങ്കില്‍ ഇതൊന്നും ചെയ്യിക്കില്ലായിരുന്നു’ എന്ന്. 

സ്വസ്ഥതയാണല്ലോ കാര്യം. അതുകൊണ്ട് ‘താനൊറ്റക്ക് കയറി വന്നതല്ല, നിങ്ങളെല്ലാവരും നാട്ടുകാരും ചേര്‍ന്ന് കൂട്ടിക്കൊണ്ടു വന്നതാണ്’ എന്ന ന്യായം അവളങ്ങു വിഴുങ്ങി. 

വാക്കുകളെ വിഴുങ്ങി വിഴുങ്ങി ഒടുവില്‍, അവള്‍ ജോലി സ്ഥലത്തേക്കുള്ള ഓട്ടത്തിലേക്ക് ചെരുപ്പിട്ടു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin