എർത്ത്ന പുരസ്കാരപട്ടികയിൽ ഇടം നേടി ഉർവി ഫൗണ്ടേഷൻ
ദോഹ: ഖത്തർ ഫൗണ്ടേഷന്റെ ഭാഗമായ എർത്ത്ന സെന്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചർ സംഘടിപ്പിക്കുന്ന എർത്ത്ന ഉച്ചകോടിയിൽ പ്രഥമ എർത്ത്ന അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും. അവാർഡിനായുള്ള ഫൈനൽ റൗണ്ടിൽ കേരളത്തിൽ നിന്നുള്ള ഉർവി ഫൗണ്ടേഷനും ഇടം പിടിച്ചു. ഹസൻ നസീഫിന്റെ നേതൃത്വത്തിലുള്ള ഉർവി ഫൗണ്ടേഷന്റെ സ്റ്റോൺ ഫ്രീ മൂവ്മെന്റ് പ്രൊജക്ടാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാതൃകാ പദ്ധതികളാണ് ഫൈനൽ റൗണ്ടിലെത്തിയത്.
നൂറിലേറെ രാജ്യങ്ങളിൽ നിന്ന് 400ലേറെ പ്രോജക്ടുകൾ മത്സരത്തിനുണ്ടായിരുന്നു. ജലവിഭവ മാനേജ്മെന്റ്, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവത്കരണം, ഭൂമി സംരക്ഷണം എന്നീ വിഭാഗങ്ങളിലാണ് എർത്ത്ന പുരസ്കാരം നൽകുന്നത്. ജേതാക്കൾക്ക് പത്തു ലക്ഷം ഡോളറാണ് സമ്മാനത്തുക. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷനിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയുടെ ജലമനുഷ്യൻ എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേന്ദ്ര സിങ് പങ്കെടുത്തു. ജലക്ഷാമം, സുസ്ഥിര പരിഹാരങ്ങളിലൂടെ പ്രതിരോധം എന്ന വിഷയത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ മാൻഡരിൻ ഓറിയന്റലിൽ നടന്ന ചർച്ചയിലാണ് ഇന്ത്യയുടെ വാട്ടർമാൻ പങ്കെടുത്തത്.
read more: ട്രംപിന്റെ സൗദി സന്ദർശനം മെയ് 13ന്, ഖത്തർ, യുഎഇ എന്നിവിടങ്ങളും സന്ദർശിക്കും