10 ലക്ഷം ബജറ്റില്‍ ‘ലവ് യൂ’; കന്നഡയിലെ ആദ്യ എഐ സിനിമ തയ്യാര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അതിന്‍റെ സാന്നിധ്യം അറിയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ കന്നഡയില്‍ ഒരു എഐ ജനറേറ്റഡ് സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. നരസിംഹ മൂര്‍ത്തി എന്നയാളാണ് ലവ് യൂ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പിന്നില്‍. 

ബെംഗളൂരുവിന് സമീപ ഗ്രാമമായ സിദ്ധെഹള്ളി സ്വദേശിയായ നരസിംഗ മൂര്‍ത്തി ഒരു ക്ഷേത്ര പൂജാരി കൂടിയാണ്. അഭിനേതാക്കളോ സംഗീത സംവിധായകനോ മറ്റ് സാങ്കേതിക പ്രവര്‍ത്തകരോ ഒന്നുമില്ലാതെ തന്‍റെ സ്വപ്നത്തിന് ചിറക് മുളപ്പിക്കുകയായിരുന്നു നരസിംഹ മൂര്‍ത്തി. 10 ലക്ഷം രൂപ മുതല്‍മുടക്കിലാണ് സാന്‍ഡല്‍വുഡിലെ ആദ്യ എഐ ജനറേറ്റഡ് സിനിമ നരസിംഹ മൂര്‍ത്തി പൂര്‍ത്തിയാക്കിയത്. എഐ ടെക്നീഷ്യനായി മാറിയ ഗ്രാഫിക് ഡിസൈനര്‍ നുഥാന്‍ ആണ് നരസിംഹ മൂര്‍ത്തിക്കൊപ്പം ഈ സിനിമയില്‍ പങ്കാളിയായത്. 95 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ സിബിഎഫ്സി ഇതിനകം സര്‍ട്ടിഫൈ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

അഭിനേതാക്കള്‍, സൗണ്ട് ട്രാക്ക്, ദൃശ്യങ്ങള്‍ ഇവയൊക്കെ എഐ ഉപയോഗിച്ച് ഇരുവരും ഡിസൈന്‍ ചെയ്യുകയായിരുന്നു. 10 ലക്ഷം രൂപ ബജറ്റില്‍ ആറ് മാസമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയത്. മുപ്പത് വ്യത്യസ്തമായ എഐ ടൂളുകളാണ് ചലച്ചിത്ര നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ബജറ്റിന്‍റെ ഭൂരിഭാഗവും സോഫ്റ്റ്‍വെയര്‍ ലൈസന്‍സിംഗിനായാണ് ഉപയോഗിച്ചത്. ചിത്രത്തില്‍ 12 ഗാനങ്ങളും എഐ ജനറേറ്റഡ് ഡയലോഗുകളും ഉണ്ട്. അതേസമയം പാട്ടുകളുടെ വരികളിലും ഡയലോഗുകളിലും നരസിംഹ മൂര്‍ത്തിയുടെ സംഭാവനകളും ഉണ്ട്. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യ എഐ ജനറേറ്റഡ് സിനിമ ഒരുക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് നരസിംഹ മൂര്‍ത്തി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതിനായി ഒരു തിയറ്ററിലെങ്കിലും ചിത്രം റിലീസ് ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്നും.

കഥാപാത്രങ്ങളില്‍ വൈകാരികമായ പ്രതികരണം ഉണ്ടാക്കുകയായിരുന്നു ഈ എഐ സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് നരസിംഹ മൂര്‍ത്തി പറയുന്നു. പല സീനുകളില്‍ കഥാപാത്രങ്ങളുടെ രൂപത്തില്‍ വ്യത്യാസങ്ങള്‍ ഉള്ള കാര്യം റീജിയണല്‍ സെന്‍സര്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടിയ വിവരവും അദ്ദേഹം ഓര്‍മ്മിക്കുന്നു. കഥാപാത്രങ്ങളുടെ ലിപ് സിങ്കിലും പ്രശ്നമുണ്ട്. എന്നാല്‍ നരസിംഹ മൂര്‍ത്തിയുടെ ഭാവനയിലും സ്വപ്നത്തിലും സെന്‍സര്‍ ബോര്‍ഡ് മതിപ്പാണ് പ്രകടിപ്പിച്ചത്. ർ

എഐ ടെക്നോളജി അതിവേഗമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് നുഥാന്‍ പറയുന്നു. തങ്ങള്‍ ഉപയോഗിച്ച സാങ്കേതികവിദ്യ ഇതിനകം ആറ് മാസം പഴയതായെന്നും ഇപ്പോഴാണ് ഇതേ സിനിമ ചെയ്യുന്നതെങ്കില്‍ ആയിരം മടങ്ങ് കൂടുതല്‍ നന്നാവുമെന്നും അദ്ദേഹം പറയുന്നു. മറ്റ് രണ്ട് എഐ സിനിമകളും നരസിംഹ മൂര്‍ത്തിയുടെ മനസിലുണ്ട്. 

അതേസമയം ലോകത്തിലെ ആദ്യ എഐ ജനറേറ്റഡ് സിനിമ ഇതല്ല. ദി റോബോട്ട്സ് ഗ്രോ എന്ന ചിത്രം 2024 ല്‍ റിലീസ് ചെയ്യപ്പട്ടിരുന്നു.

ALSO READ : ‘നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ കൂൾ’; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെക്കുറിച്ച് മീര വാസുദേവ്

By admin