5ജി കരുത്ത് കൂട്ടാൻ എയർടെൽ; സ്വന്തമാക്കുന്നത് അദാനിയിൽ നിന്നും 400 മെഗാഹെർട്‌സ് സ്പെക്ട്രം

മുംബൈ: അദാനി ഡാറ്റ നെറ്റ്‌വർക്കുകളിൽ നിന്ന് 400 മെഗാഹെർട്‌സ് സ്‌പെക്ട്രം പൂർണ്ണമായും ഉപയോഗിക്കാനുള്ള അവകാശം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ഭാരതി എയർടെൽ. അനുബന്ധ സ്ഥാപനമായ ഭാരതി ഹെക്‌സാകോം ലിമിറ്റഡിനൊപ്പം ചേർന്നാണ് എയര്‍ടെല്ലിന്‍റെ ഈ നീക്കം. 2022ൽ നടന്ന ലേലത്തിൽ അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ് (ADNL) 26 ജിഗാഹെർട്‌സ് ബാൻഡിലുള്ള  400 മെഗാഹെർട്‌സ് സ്‌പെക്ട്രം ഏകദേശം 212 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.

സ്പെക്ട്രത്തിന്‍റെ ഉപയോഗ അവകാശങ്ങൾ നേടുന്നതിന് ഭാരതി എയർടെൽ ലിമിറ്റഡും അതിന്‍റെ അനുബന്ധ സ്ഥാപനമായ ഭാരതി ഹെക്‌സാകോം ലിമിറ്റഡും അദാനി എന്‍റർപ്രൈസസിന്‍റെ ഭാഗമായ അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡുമായി (ADNL) കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് (100 മെഗാഹെർട്‌സ്), മുംബൈ (100 മെഗാഹെർട്‌സ്), ആന്ധ്രാപ്രദേശ് (50 മെഗാഹെർട്‌സ്), രാജസ്ഥാൻ (50 മെഗാഹെർട്‌സ്), കർണാടക (50 മെഗാഹെർട്‌സ്), തമിഴ്‌നാട് (50 മെഗാഹെർട്‌സ്) എന്നീ നിരവധി പ്രദേശങ്ങളിലായി 26 ജിഗാഹെര്‍ട്‌സ് ബാൻഡിൽ 400 മെഗാഹെർട്‌സ് സ്പെക്ട്രത്തിന്‍റെ ഉപയോഗ അവകാശങ്ങൾ നേടുന്നതിനാണ് ഈ കരാറുകൾ.

2022 ഓഗസ്റ്റിലാണ് ഇന്ത്യയിലെ ആദ്യത്തെ 5ജി സ്പെക്ട്രം ലേലത്തിൽ 26 ജിഗാഹെര്‍ട്‌സ് മില്ലിമീറ്റർ വേവ് ബാൻഡിൽ 400 മെഗാഹെർട്‌സ് സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം  അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ് നേടിയത്.  ഡാറ്റാ സെന്‍ററുകൾ, തുറമുഖങ്ങൾ, നിർമ്മാണ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ബിസിനസ് പ്രവർത്തനങ്ങളിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ സ്വകാര്യ നെറ്റ്‌വർക്ക് പരിഹാരങ്ങൾക്കായി ഈ സ്പെക്ട്രം പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിച്ചത്. ഉപഭോക്തൃ മൊബിലിറ്റി മേഖലയിൽ പ്രവേശിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും പകരം അതിന്‍റെ വ്യാവസായിക, സംരംഭ ആവശ്യങ്ങൾ നിറവേറ്റുന്ന ക്യാപ്റ്റീവ് നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായും എഡിഎൻഎൽ വ്യക്തമാക്കിയിരുന്നു.

സ്പെക്ട്രം ഏറ്റെടുക്കലിനെത്തുടർന്ന്, 2022 ഒക്ടോബറിൽ എഡിഎൻഎല്ലിന് ആക്‌സസ് സർവീസസിനായുള്ള ഏകീകൃത ലൈസൻസ് ലഭിച്ചു. ഇത് ഇന്ത്യയിലുടനീളം സമഗ്രമായ ടെലികോം സേവനങ്ങൾ നൽകാൻ കമ്പനിയെ അനുവദിച്ചു. എന്നാൽ സ്പെക്ട്രം നേടിയെടുത്തിട്ടും 5ജി ടെലികോം സേവനങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം വരുത്തിയതിന് ഈ വർഷം ജനുവരിയിൽ എഡിഎൻഎൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ (DoT) പരിശോധന നേരിട്ടു. 5ജി സേവനങ്ങൾക്കായുള്ള മിനിമം റോൾഔട്ട് ബാധ്യതകൾ (MRO) പാലിക്കാത്തതിന് സർക്കാർ അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റിഡിന് ഒന്നിലധികം നോട്ടീസുകൾ നൽകിയതായി മണി കണ്ട്രോളറിനെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു.

2022 ലെ ലേലത്തിൽ, ഭാരതി എയർടെൽ 900 MHz, 1800 MHz, 2100 MHz, 3300 MHz, 26 GHz എന്നിവയുൾപ്പെടെ ഒന്നിലധികം ബാൻഡുകളിലായി 19,800 മെഗാഹെർട്‌സ് സ്പെക്ട്രം 43,084 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഈ ഏറ്റെടുക്കലോടെ, 3.5 GHz, 26 GHz ബാൻഡുകളിൽ എയർടെൽ ഇന്ത്യയിലുടനീളം മികച്ച സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. ഇതോടെ പ്രധാന നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനും ഇതോടെ എയർടെല്ലിന് സാധിച്ചിരുന്നു. ഇപ്പോൾ അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡിന്‍റെ 400 മെഗാഹെർട്‌സ് സ്പെക്ട്രം കൂടി ഏറ്റെടുക്കുന്നതിനുള്ള എയർടെല്ലിന്‍റെ നടപടി ഉയർന്ന ഫ്രീക്വൻസി 26 GHz ബാൻഡിൽ, അതിവേഗ, കുറഞ്ഞ ലേറ്റൻസി സേവനങ്ങൾ നൽകുന്നതിന് അത്യാവശ്യമായ 5ജി സേവനങ്ങളുടെ വിപുലീകരണത്തിനുള്ള കമ്പനിയുടെ തീരുമാനം വ്യക്തമാക്കുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ പ്രകാരം ഈ വർഷം ജനുവരിയിൽ ഏറ്റവും കൂടുതൽ വരിക്കാരെ നേടിയത് എയർടെല്ലാണ്. ഈ അധിക സ്പെക്ട്രം എയർടെല്ലിന് വേഗത്തിലുള്ള ഡാറ്റ വേഗത വാഗ്ദാനം ചെയ്യാനും നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കാനും ആത്യന്തികമായി മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം നൽകാനും സഹായിക്കും.

Read more: എയർടെല്ലിന്‍റെ വലിയ സമ്മാനം! വെറും 451 രൂപയ്ക്ക് സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും 50 ജിബി ഡാറ്റയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin