ട്രംപിന്റെ സൗദി സന്ദർശനം മെയ് 13ന്, ഖത്തർ, യുഎഇ എന്നിവിടങ്ങളും സന്ദർശിക്കും
ദുബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ മൂന്ന് രാജ്യങ്ങളായിരിക്കും ട്രംപ് സന്ദർശിക്കുക. ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കുമെന്ന് അവർ പറഞ്ഞു. അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര. മെയ് 13 മുതൽ 16 വരെയായിരിക്കും സന്ദർശനം. സൗദിയിൽ നിന്നുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ വാഷിങ്ടമിൽ വെച്ച് ട്രംപിന്റെ സന്ദർശനാർത്ഥം കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസ് വ്യാപാരത്തിനും നിക്ഷേപത്തിനുമായി 600 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് സൽമാൻ പറഞ്ഞിരുന്നു. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ട്രംപ് ഭരണകൂടവും സൗദിയും തമ്മിൽ ചർച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താനുമാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2017ൽ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനം സൗദിയിലായിരുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്.
read more: തൊഴിലുടമ മരിച്ചതോടെ പാസ്പോർട്ട് പോയി, ഫോണില്ല, 42 വർഷത്തെ പ്രവാസം, ഗോപാലന് തുണയായി പ്രവാസി ലീഗൽ സെൽ