തൃശൂരിലെ മൂന്ന് വയസ്സുകാരിയുടെ മരണം; ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്ത് പൊലീസ്
തൃശൂർ: പുതുക്കാട് ആമ്പല്ലൂർ വെണ്ടോരിൽ മൂന്ന് വയസ്സുകാരിയുടെ മരണ കാരണം സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കാത്ത് പൊലീസ്. ഒലിവിയ എന്ന മൂന്ന് വയസ്സുകാരിയുടെ മരണ കാരണം ഭക്ഷ്യവിഷബാധയോ തുടർച്ചയായ ഛർദിലിനിടയിൽ ശ്വാസതടസമുണ്ടായതോ ആകാമെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ആന്തരിക അവയവങ്ങളുടെ രാസ പരിശോധനഫലം എന്നിവ വന്നതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
വെണ്ടാർ കല്ലൂക്കാരന് ഹെന്‍ട്രിയുടെയും റോസ് മേരിയുടെയും മകള്‍ ഒലിവിയ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. കുട്ടിയും കുടുംബവും അങ്കമാലിയിലെ ഹോട്ടലിൽ നിന്ന് പലതരത്തിലുള്ള ഭക്ഷണമാണ് കഴിച്ചതെന്ന് ആരോഗ്യ വകുപ്പും പൊലീസും പറയുന്നു.
ശനിയാഴ്ച യുകെ യിൽ നിന്നെത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാൻ നെടുമ്പാശേരിയിലെത്തിയ കുടുംബം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത്. ഒലിവിയ മാത്രമാണ് മസാല ദോശ കഴിച്ചത്. വീട്ടിലെത്തിയതോടെ ഹെൻട്രി, ഭാര്യ റോസ് മേരി, അമ്മ ഷീബ എന്നിവർക്കും ഛർദിലും ദേഹാസ്വാസ്ഥ്യവുമുണ്ടായി. രാത്രി മൂന്നോടെ ഒലിവിയയ്ക്കും അസ്വസ്ഥതയുണ്ടായി. തിങ്കളാഴ്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. കുടുംബാംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണ്.