‘ഭീകരതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല’; ഉചിതമായ മറുപടി നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

മുംബൈ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യം. നിരപരാധികളായ 29 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനെതിരെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അന്താരാഷ്ട്ര സമൂഹവുമെല്ലാം ഒറ്റക്കെട്ടായി നിലപാടെടുത്തു. സംഭവത്തിൽ നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഖേദം പ്രകടിപ്പിക്കുകയും ഉചിതമായ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

ക്രിക്കറ്റ് ലോകം മുഴുവൻ ഒറ്റക്കെട്ടായി പഹൽഗാം ആക്രമണത്തെ അപലപിക്കുകയും ഇരകളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള സന്ദേശമാണ് ക്രിക്കറ്റ് താരങ്ങൾ നൽകുന്നത്. വിരാട് കോലി, ശുഭ്മാൻ ഗിൽ, ഗൗതം ഗംഭീർ, പാർത്ഥിവ് പട്ടേൽ, ആകാശ് ചോപ്ര, മനോജ് തിവാരി, യുവരാജ് സിംഗ്, ഇഷാന്ത് ശർമ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങൾ ആക്രമണത്തെ അപലപിച്ചു. 

പഹൽഗാം സംഭവത്തിൽ അതീവ ദു:ഖിതനാണ് താനെന്ന് വിരാട് കോലി പറഞ്ഞു. നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്. ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാധാനവും ശക്തിയും നൽകണമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഈ ക്രൂരകൃത്യത്തിന് അര്‍ഹമായ നീതി ലഭിക്കണമെന്നും കോലി വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ പറഞ്ഞു. ഭീകരതയ്ക്ക് ഉചിതമായ മറുപടി നൽകണമെന്ന ആവശ്യവുമായി ഹര്‍ഭജൻ സിംഗും രംഗത്തെത്തി. 

ഭീകരാക്രമണങ്ങൾക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് ശുഭ്മാൻ ഗിൽ പറഞ്ഞു. പഹൽഗാമിലെ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഗിൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പഹൽഗാം സംഭവത്തിൽ അതീവ ദു:ഖിതനാണെന്നും ഇത്തരം അക്രമങ്ങൾക്കെതിരെ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും ഇഷാന്ത് ശർമ്മ അഭിപ്രായപ്പെട്ടു. സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് പഹൽ​ഗാമിൽ സംഭവിച്ചിരിക്കുന്നതെന്നും ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും മനോജ് തിവാരി അറിയിച്ചു. 

പഹൽ​ഗാമിൽ കുറ്റം ചെയ്തവർ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ താൻ അതീവ ദു:ഖിതനാണെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ഈ പ്രതിസന്ധിയെ നേരിടാനുള്ള ശക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും യുവരാജ് സിം​ഗ് പറഞ്ഞു. അതേസമയം, പഹൽഗാമിൽ സംഭവിച്ചത് വളരെ ഭയാനകവും ദുഃഖകരവുമാണെന്ന് ആകാശ് ചോപ്ര പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അദ്ദേഹം അനുശോചനം അറിയിച്ചു. ഇതിന് ഉത്തരവാദികളായവരെയും അവരെ പിന്തുണയ്ക്കുന്നവരെയും പിടികൂടി കഠിനമായ ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു. 

 

പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ നേരിട്ട് പരാമർശിച്ചുകൊണ്ടാണ് സുരേഷ് റെയ്‌ന രം​ഗത്തെത്തിയത്. പാകിസ്ഥാൻ പിന്തുണയുള്ള ഭീകരരുടെ ഈ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർക്കൊപ്പം ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും നീതി വിജയിക്കുമെന്നും റെയ്ന വ്യക്തമാക്കി.  

 

READ MORE:  8 കളികളിൽ 3 ജയങ്ങൾ മാത്രം! പ്ലേ ഓഫ് കാണാതെ കൊൽക്കത്ത പുറത്താകുമോ? കണക്കുകൾ ഇങ്ങനെ

By admin