പഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ; ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി?
ശ്രീനഗർ: പഹല്‍ഗാം ആക്രമണത്തിന്‍റെ നടുക്കത്തിൽ രാജ്യം നിൽക്കെ, ഭീകരൻ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനെന്ന വിവരങ്ങൾ പുറത്തുവന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാൾ. കൊടുംഭീകരനായ ഹഫീസ് സെയ്‌ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി ലഷ്ക്കറിന്‍റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം അഴിച്ചുവിടുന്ന ലഷ്ക്കറെ തൊയ്ബയുടെ കുബുദ്ധിയാണ് പഹല്‍ഗാമിനെ ചോരക്കളമാക്കിയത്. ആഗോള ഭീകരനും ലഷ്ക്കര്‍ സഹ സ്ഥാപകനുമായ ഹഫീസ് സെയ്ദിന്‍റെ വലംകൈയാണ് ലഷ്ക്കര്‍ ഉപമേധാവി സൈഫുളള ഖാലിദ് എന്ന കസൂരി. ഇയാൾ പാക് അധീന കശ്മീരിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. പ്രാദേശിക ഭീകര സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണ പദ്ധതി നടപ്പാക്കിയത്.
പെഷവാറില്‍ ലഷ്ക്കറിന്‍റെ നേതൃത്വം കസൂരിക്കാണ്. ജിഹാദി പ്രസംഗങ്ങളിലൂടെ യുവാക്കളെ ഭീകര സംഘടനകളിലേക്കും സൈന്യത്തിലേക്കും റിക്രൂട്ട് ചെയ്യുന്ന കസൂരി, പാക് സൈന്യത്തില്‍ വലിയ ബന്ധങ്ങളുള്ള കൊടുംഭീകരനാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖൈബര്‍ പഖ്‌തൂൺഖ്വയിൽ നടത്തിയ പ്രസംഗത്തിനിടെ അടുത്ത ഒരു വര്‍ഷത്തിനുളളില്‍ കശ്‌മീർ പിടിച്ചടക്കാന്‍ ശ്രമിക്കുമെന്ന് കസൂരി പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളില്‍ കശ്മീരില്‍ ആക്രമണം ശക്തമാക്കുമെന്നും അയാൾ അവകാശപ്പെട്ടിരുന്നു.
മുംബൈയിൽ 2008ലെ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ജമാ അത്ത് ഉദ് ദാവ എന്ന ഭീകരസംഘടനയിലും കസൂരി പ്രവര്‍ത്തിച്ചിരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ റെസിസ്റ്റന്‍സ് ഫ്രണ്ട് ലഷ്ക്കറെ തൊയിബയുടെ കശ്മീരിലെ പ്രാദേശിക കൂട്ടാളിയെന്നാണ് പുറത്തുവരുന്ന വിവരം. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ 2019ല്‍ സജീവമായ സംഘടനയാണിത്. ഇതിനെ നയിക്കുന്നത് ഷെയ്ഖ് സജാദ് ഖുള്‍ എന്ന ഭീകരനാണ്. വിനോദസഞ്ചാരികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ് ഈ ഭീകര സംഘടന ചെയ്യുന്നത്.
തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് 2023ല്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗന്ധേര്‍ബാളില്‍ തുരങ്കപാത നിര്‍മാണത്തിലേര്‍പ്പെട്ട ആറ് ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയത് ടിആര്‍എഫ് ആയിരുന്നു. കശ്‌മീർ ഓപറേഷന് തക്കം പാര്‍ത്തിരുന്ന കസൂരി അടക്കമുള്ള ഭീകരര്‍ക്ക് ഏറ്റവും ഒടുവില്‍ പ്രചോദനമായത് പാക് കരസേന മേധാവി ജനറല്‍ അസീം മുനീറിന്‍റെ പ്രകോപന പ്രസംഗമായിരുന്നു. കശ്മീരിനെ പാക്കിസ്ഥാന്‍റെ ജീവനാഡിയെന്ന് വിശേഷിപ്പിച്ച അസിം മുനീര്‍ താഴ്‌വരയില്‍ വെടിയൊച്ച നിലയ്ക്കില്ലെന്ന് റാവല്‍പിണ്ടിയിൽ ഏപ്രില്‍ 18ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.