ബോക്സ് ഓഫീസിൽ പ്രതീക്ഷ കാക്കുമോ മോഹൻലാൽ? ‘തുടരും’ അഡ്വാൻസ് ബുക്കിംഗിന്‍റെ ആദ്യ രണ്ട് മണിക്കൂറിൽ നേടിയത്

മലയാളത്തില്‍ ഏറ്റവും ബോക്സ് ഓഫീസ് സാധ്യതയുള്ള താരമാണ് മോഹന്‍ലാല്‍. പലകുറി അദ്ദേഹം അത് തെളിയിച്ചിട്ടുള്ളതാണ്. സമീപകാലത്ത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ എമ്പുരാന്‍ അത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം സമ്മിശ്ര അഭിപ്രായം ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടിയിലേറെ നേടിയിരുന്നു. എമ്പുരാന് ശേഷം മോഹന്‍ലാലിന്‍റേതായി എത്തുന്ന ചിത്രം അത്ര വലിയ പ്രീ റിലീസ് പബ്ലിസിറ്റിയോടെയല്ല എത്തുന്നത്. എന്നിരിക്കിലും ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ഇപ്പോള്‍.

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തുന്ന തുടരും എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അതിന് മുന്നോടിയായി ഇന്ന് രാവിലെ 10 നാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ 8000 ടിക്കറ്റുകളും പിന്നീട് മണിക്കൂറില്‍ 10,000 ടിക്കറ്റുകള്‍ എന്ന കണക്കിലും ചിത്രം വിറ്റിരുന്നു. ഇപ്പോഴിതാ ആദ്യ രണ്ട് മണിക്കൂറില്‍ നിന്ന് നേടിയിരിക്കുന്ന ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ആദ്യ രണ്ട് മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 70 ലക്ഷമാണ്. വലിയ ബഹളങ്ങളില്ലാത്ത പ്രൊമോഷനുമായി എത്തുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച സംഖ്യയാണ് ഇത്. അതേസമയം റിലീസിന് രണ്ട് ദിവസം കൂടി അവശേഷിക്കുന്നു എന്നതിനാല്‍ ഈ കണക്ക് ഇനിയും ഏറെ ഉയരും. കേരളത്തിലെ പ്രധാന സ്ക്രീനുകളിലൊക്കെ ചിത്രത്തിന്‍റെ ആദ്യ ഷോകള്‍ ഹൗസ്‍ഫുള്‍ ആയ സാഹചര്യമാണ്. ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രകടനമാവും നടത്തുക. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് വേനലവധിക്കാലം നല്ല സീസണുമാണ്.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : ‘നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ കൂൾ’; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെക്കുറിച്ച് മീര വാസുദേവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin