പഹല്‍ഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ പോരാട്ടത്തിന് ആഘോഷങ്ങളില്ല, കളിക്കാര്‍ കറുത്ത ആംബാന്‍ഡ് ധരിക്കും

മുംബൈ: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കി. മത്സരത്തിനുശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയര്‍ ലീഡര്‍മാരുടെ പ്രകടനങ്ങളോ ഇന്നുണ്ടാകില്ല. മത്സരം തുടങ്ങും മുമ്പ് ഭീകരാക്രമണത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കും. ഇതിന് പുറമെ കളിക്കാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആംബാന്‍ഡ് ധരിച്ചാവും ഇന്നത്തെ മത്സരത്തിനിറങ്ങുക.

വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഹൈദരാബാദ്-മുംബൈ പോരാട്ടം. എട്ട് കളികളില്‍ എട്ട് പോയന്‍റുള്ള മുംബൈ ഇന്ത്യൻസ് പോയന്‍റ് പട്ടികയില്‍ ആറാമതാണ്. ഏഴ് കളികളില്‍ നാലു പോയന്‍റ് മാത്രമുള്ള ഹൈദരാബാദ് ആകട്ടെ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ‘ക്യാച്ച് ഓഫ് ദി ഐപിഎല്‍’ പുരസ്കാരം പ്രഖ്യാപിച്ച് റമീസ് രാജ

ഇന്നലെ, ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നാണ് റിപ്പോർട്ടുകൾ.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്.

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ തിരിച്ചടിക്കും, ഉത്തരവാദികളായവർ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഗംഭീർ

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു. രാവിലെ ഏഴ് മണിയോടെ ദില്ലിയിലെത്തിയ പ്രധാനമന്ത്രി പഹൽഗാം സാഹചര്യം വിലയിരുത്താൻ യോഗം ചേര്‍ന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin