ഫിഷ് ടാങ്കിൽ ആൽഗകൾ വളരുന്നുണ്ടോ? എങ്കിൽ ഇതാണ് കാരണം
ചെറുതും വലുതുമായ മത്സ്യങ്ങളെ വളർത്താത്ത വീടുകൾ ഇന്ന് വളരെ കുറവായിരിക്കും. ചിലർക്ക് പൂച്ചയോടും നായയോടുമൊക്കെയാണ് താല്പര്യം. എന്നാൽ മറ്റുചിലർക്ക് മത്സ്യങ്ങളോടാണ് താല്പര്യം ഉണ്ടാകാറുള്ളത്. മത്സ്യങ്ങളെ വളർത്തുമ്പോൾ ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതാണ് കുറച്ചധികം പണിയുള്ള കാര്യം. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും പലപ്പോഴും ഫിഷ് ടാങ്കിനുള്ളിൽ ആൽഗകൾ വളരുന്നത്. ആൽഗകൾ ചെറുതും സസ്യസമാനവുമായ ജീവികളാണ്. ഇതിന് ആവശ്യമായ വെളിച്ചവും പോഷകവും ലഭിക്കുന്നത് കൊണ്ട് തന്നെ അവ വെള്ളത്തിലാണ് വളരുന്നത്. ചെറിയ തോതിലാണ് ഇവ വളരുന്നതെങ്കിൽ അത് സാധാരണമായി കാണാം. എന്നാൽ അമിതമായി ആൽഗകൾ ഫിഷ് ടാങ്കിൽ വളരുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ ഫിഷ് ടാങ്കിനെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിക്കുന്നു. അതിനാൽ തന്നെ അമിതമായി ഫിഷ് ടാങ്കിൽ ആൽഗ വളരുന്നത് തടയേണ്ടതുണ്ട്. ആൽഗകൾ വളരുന്നതിന്റെ കാരണങ്ങൾ ഇതാണ്.
അമിതമായ വെളിച്ചം
വെളിച്ചമെന്നത് ആൽഗകൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നവയാണ്. ഇത് അമിതമായി ആൽഗകൾ വളരാൻ കാരണമാകുന്നു. വെളിച്ചമടിക്കുന്ന രീതിയിലാണ് ടാങ്ക് വെച്ചിരിക്കുന്നതെങ്കിൽ അത് മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. പ്രകൃതിദത്തമായ വെളിച്ചവും ഇതിന് കാരണമാകുന്നു. അതിനാൽ തന്നെ ദിവസത്തിൽ 10 മണിക്കൂറിൽ കൂടുതൽ വെളിച്ചമടിക്കുന്നത് ഒഴിവാക്കാം.
പോഷകങ്ങൾ അധികമായാൽ
വെളിച്ചം മാത്രമല്ല ആൽഗകൾക്ക് വളരണമെങ്കിൽ ഭക്ഷണവും അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ഫിഷ് ടാങ്കിൽ കൂടുതലായാലും ആൽഗകൾ വളരാറുണ്ട്. മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ അവ മാലിന്യങ്ങളെ പുറംതള്ളുന്നു. ഇത് നൈട്രേറ്റ് ആയി മാറും. ഇങ്ങനെ സംഭവിക്കുമ്പോൾ ആൽഗകൾക്ക് വളരാൻ കൂടുതൽ സാഹചര്യമൊരുക്കുന്നു.
മത്സ്യങ്ങളുടെ ഭക്ഷണം
മത്സ്യങ്ങൾക്ക് അമിതമായി ഭക്ഷണം നൽകുമ്പോൾ അത് കൂടുതൽ മാലിന്യങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ഫിഷ് ടാങ്കിൽ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞാൽ അത് കൂടുതൽ ആൽഗകൾ വളരാനും കാരണമാകും. മത്സ്യങ്ങൾക്ക് നൽകിയ ഭക്ഷണങ്ങൾ കഴിക്കാതെ വെള്ളത്തിൽ കിടക്കുമ്പോൾ അത് അഴുകി പോവുകയും കൂടുതൽ ഫോസ്‌ഫേറ്റുണ്ടാകാനും കാരണമാകുന്നു. അതിനാൽ തന്നെ അമിതമായി മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാം.
വെറ്റ് ഫുഡാണോ നിങ്ങൾ വളർത്ത് പൂച്ചയ്ക്ക് നൽകുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം