വർഷങ്ങളായി പേസ്റ്റോ, സോപ്പോ, ഷാംപൂവോ ഒന്നും ഉപയോഗിക്കാത്ത ഒരു സ്ത്രീ, പകരം ഉപയോഗിക്കുന്നത്…
ഇന്ന് സൗന്ദര്യസംരക്ഷണത്തിനും മറ്റും ഇഷ്ടം പോലെ പ്രൊഡക്ടുകൾ മാർക്കറ്റിൽ കിട്ടും. അതിന് മാത്രമല്ല, ദിവസേന നമ്മളുപയോഗിക്കുന്ന പേസ്റ്റ്, സോപ്പ് തുടങ്ങിയ പ്രൊഡക്ടുകൾ പോലും ഇഷ്ടം പോലെ ബ്രാൻഡുകൾ ഇറക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും ഉപയോഗിക്കാത്ത വളരെ വ്യത്യസ്തമായ രീതിയിൽ ജീവിക്കുന്ന ഒരു സ്ത്രീയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.
41 വയസ്സുള്ള നേരത്തെ നഴ്സ് കൂടിയായിരുന്ന ബ്രിട്ടാനി ബ്ലാൻഡ് ആണ് സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഡിയോഡറന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ഒന്നും ഉപയോഗിക്കാതെ ജീവിക്കുന്നത്. അവ വർഷങ്ങൾക്ക് മുമ്പ് താൻ ഉപേക്ഷിച്ചു എന്നാണ് അവർ പറയുന്നത്. താനെടുത്ത ആ തീരുമാനത്തിന്റെ ഫലമായി ഇപ്പോൾ ആരോഗ്യവതിയും സന്തോഷവതിയുമാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും ബ്രിട്ടാനി പറയുന്നു.
ആരോഗ്യകാര്യത്തിൽ വളരെ പ്രശ്നത്തിലൂടെയാണ് ബ്രിട്ടാനി കടന്നു പോയിരുന്നത്. 24 വർഷമായി അവർ വിവാഹിതയായിട്ട്. മൂന്ന് കുട്ടികളുടെ അമ്മയാണ്. വീട്ടിലെ കാര്യങ്ങളും നഴ്സിംഗ് ജോലിയുമെല്ലാം അവരുടെ ആരോഗ്യത്തെ ബാധിച്ചു. 2015 ൽ, അവർക്ക് ശരീരഭാരം വല്ലാതെ കൂടി. രണ്ട് ശസ്ത്രക്രിയകളും ഒരു അപ്പെൻഡെക്ടമിയും വേണ്ടിവന്നു.
എന്നിട്ടും ആരോഗ്യാവസ്ഥ മെച്ചപ്പെട്ടില്ല. 2023 -ൽ, ബ്രിട്ടാനിക്ക് എഹ്ലേഴ്സ്-ഡാൻലോസ് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി. ഇതിന് സാധാരണ ചികിത്സ തേടുന്നതിന് പകരം അവർ ബദൽ മാർഗങ്ങളാണ് പരീക്ഷിച്ചത്.
ആരോഗ്യം വീണ്ടെടുക്കണമെന്നുറപ്പിച്ച് ബ്രിട്ടാനി ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തി. കെമിക്കൽ ഉപയോഗിക്കുന്നു എന്ന് തോന്നിയ എല്ലാ ഉൽപ്പന്നങ്ങളും മാറ്റി. പകരം മറ്റ് ചിലത് പരീക്ഷിച്ചു. ഷാംപൂവിന് പകരം ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത മിശ്രിതം ഉപയോഗിച്ചു, ടൂത്ത് പേസ്റ്റ് വീട്ടിൽ തന്നെ നിർമ്മിച്ചു, മഗ്നീഷ്യം കൊണ്ട് ഡിയോഡറന്റ് വികസിപ്പിച്ചു.
ഇതെല്ലാം ഉപയോഗിച്ച് തുടങ്ങിയ ശേഷം തനിക്ക് നല്ല മാറ്റമുണ്ട് എന്നാണ് ബ്രിട്ടാനി പറയുന്നത്. തന്റെ അവസ്ഥയുള്ള മറ്റുള്ളവരോടും ഇത്തരം ഉത്പ്പന്നങ്ങൾ ഉപയോഗിക്കാനാണ് ഇപ്പോൾ അവൾ പറയുന്നത്.