എമ്പുരാന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി എത്തുന്ന ചിത്രം എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി. എമ്പുരാന് വലിയ രീതിയിലുള്ള പ്രീ റിലീസ് പബ്ലിസിറ്റി ഉണ്ടായിരുന്നെങ്കില്‍ അത്രത്തോളം പ്രൊമോഷനോടെയല്ല തുടരും എത്തുന്നത്. എന്നാല്‍ ചിത്രം എന്താണെന്ന് കൃത്യമായി അണിയറക്കാര്‍ വിനിമയം ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. അഡ്വാന്‍സ് ബുക്കിംഗിലെ ആദ്യ പ്രതികരണങ്ങളും എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 10 ന് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുമെന്ന് അണിയറക്കാര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. പ്രീ റിലീസ് പബ്ലിസിറ്റി കുറവാണെങ്കിലും അഡ്വാന്‍സ് ബുക്കിംഗില്‍ ആവേശകരമായ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറില്‍ ചിത്രത്തിന്‍റെ 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. നിലവില്‍ ഇത് മണിക്കൂറില്‍ 9200 കടന്നിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗ് ബോക്സ് ഓഫീസ് സംബന്ധിച്ച ആദ്യ കണക്കുകള്‍ അല്‍പസമയത്തിനകം ലഭ്യമാകും. വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ എമ്പുരാന് ലഭിച്ചതുമായി താരതമ്യപ്പെടുത്താന്‍ ആവില്ലെങ്കിലും മികച്ച പ്രതികരണം തന്നെയാണ് തുടരും അഡ്വാന്‍സ് ബുക്കിംഗിലും ലഭിക്കുന്നത്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. ഏറെ ശ്രദ്ധയോടെയാണ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന താരത്തേക്കാള്‍ അദ്ദേഹത്തിലെ നടനില്‍ ശ്രദ്ധ കൊടുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷക പ്രതീക്ഷ.