ബാഗേജ് ടാഗ് വഴിത്തിരിവായി, മൃതദേഹം ദുബൈയിൽ നിന്ന് കൊണ്ടുവന്ന അതേ ബാഗിൽ; ഭാര്യ പിടിയിൽ, അനന്തരവനെ തേടി പൊലീസ്
ലഖ്നൌ: ദുബൈയിൽ നിന്ന് നാട്ടിലെത്തിയതിന്‍റെ പത്താം നാൾ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്‍റെ ചുരുളഴിച്ചത് വിമാനത്താവളത്തിൽ നിന്നുള്ള ബാഗേജ് ടാഗ്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന നൗഷാദ് അഹമ്മദിന്‍റെ (38) മൃതദേഹം ട്രോളി ബാഗിനുള്ളിൽ നിന്നാണ് ലഭിച്ചത്. ഭാര്യ റസിയ സുൽത്താനയും (30) നൗഷാദിന്‍റെ അനന്തരവൻ റുമാനും (27) വൻ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഉത്തർപ്രദേശിലെ ദിയോറിയയിൽ ഭട്ടോളി സ്വദേശിയായ നൗഷാദ് അഹമ്മദിന്‍റെ മൃതദേഹം 55 കിലോമീറ്റർ അകലെ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ട്രോളി ബാഗിനുള്ളിലായിരുന്നു മൃതദേഹം. സംശയാസ്പദമായ നിലയിൽ ബാഗ് കണ്ടതോടെ ജിതേന്ദ്ര ഗിരി എന്ന കർഷകനാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയ തുറന്നപ്പോഴാണ് പല കഷ്ണങ്ങളായി മുറിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടത്. മുഖം തിരിച്ചറിയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല.
ട്രോളി ബാഗിൽ ഒട്ടിച്ചിരുന്ന എയർലൈൻ ബാഗേജ് ടാഗ് അന്വേഷണത്തിൽ വഴിത്തിരിവായി. ഈ ടാഗിലെ കോഡ് പരിശോധിച്ചതോടെ അന്വേഷണം ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കൊല്ലപ്പെട്ടത് 10 നാൾ മുൻപ് ദുബൈയിൽ നിന്നെത്തിയ നൌഷാദ് ആണെന്ന് വ്യക്തമായി. വൈകാതെ പൊലീസ് നൌഷാദിന്‍റെ വീട്ടിലെത്തി.
നൗഷാദ് എവിടെയെന്ന് ചോദിച്ചപ്പോൾ തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് റസിയ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകൾ കണ്ടെത്തി. ഏപ്രിൽ 19 നാണ് കൊലപാതകം നടന്നത്. ഏപ്രിൽ 20 ന് രാത്രി റസിയയെ പൊലീസ് അറസ്റ്റ് ചെയ്തു. നൌഷാദിന്‍റെ അനന്തരവൻ റുമാനുമായി റസിയയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുടെ സഹായത്തോടെയാണ് റസിയ കൊലപാതകം ആസൂത്രണം ചെയ്തതെന്നും ദിയോറിയ പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീർ പറഞ്ഞു.
സുൽത്താനയും റുമാനും നൗഷാദിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റുമനുമായുള്ള ബന്ധത്തിന് നൌഷാദ് തടസ്സമായതിനാൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സുൽത്താന മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. റുമാനുമായുള്ള അടുപ്പത്തിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി ബന്ധുക്കളും മൊഴി നൽകി.
കഴിഞ്ഞ ആഴ്ചയാണ് നൗഷാദ് നാട്ടിലെത്തിയത്. രണ്ട് ബാഗുകളിൽ ഭാര്യയ്ക്കും കുടുംബത്തിനുമുള്ള സാധന സാമഗ്രികളുമായാണ് യുവാവ് നാട്ടിലെത്തിയത്. സംഭവ ദിവസം രാത്രി റുമാൻ തന്‍റെ സുഹൃത്തായ ഹിമാൻഷുവുമൊത്ത് ഇവരുടെ വീട്ടിലെത്തി. എന്നിട്ട് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നൗഷാദിനെ കൊലപ്പെടുത്തി. നൗഷാദ് വിദേശത്ത് നിന്നും കൊണ്ടുവന്ന ബാഗുകളിൽ ഒന്നിൽ മൃതദേഹം കയറ്റി വീട്ടിൽ നിന്നും 55 കി.മി അകലെയുള്ള വയലിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. റുമാനും ഹിമാൻഷുവും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.